Kerala

പിണറായി വിജയന്‍ ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി കേരളത്തിലെ ഏജന്റായി പ്രവര്‍ത്തിക്കുന്നു : പി അബ്ദുല്‍ ഹമീദ്

എല്‍ഡിഎഫും യുഡിഎഫും രാഷ്ട്രീയ വ്യാപാര വക്താക്കളാണെന്ന് ദേശീയ സമിതിയംഗം ഇ എം അബ്ദുറഹ്മാന്‍.കേരളത്തില്‍ രണ്ട് കൂട്ടരും നടത്തുന്നത് സൗഹാര്‍ദ്ദ മല്‍സരമാണ്..എസ്ഡിപിഐയുടെ ഒരു നേതാവും രാഷ്ട്രീ വ്യാപാരിയല്ലെന്നും ഇ എം അബ്ദുറഹ്മാന്‍

പിണറായി വിജയന്‍ ബിജെപിക്കും കോണ്‍ഗ്രസിനും  വേണ്ടി കേരളത്തിലെ ഏജന്റായി  പ്രവര്‍ത്തിക്കുന്നു :  പി അബ്ദുല്‍ ഹമീദ്
X

കൊച്ചി: രാജ്യത്ത് ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി കേരളത്തിലെ ഏജന്റായി പിണറായി വിജയന്‍ പവര്‍ത്തിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. എസ്ഡിപിഐ എറണാകുളം ലോക്‌സഭ മണ്ഡലം തിരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചും ശത്രുരാജ്യത്തിന്റെ കയ്യില്‍ അകപ്പെട്ടിട്ടും ധീരമായി പോരാടിയ സൈനികന് സല്യൂട്ട് അര്‍പ്പിച്ചുകൊണ്ടുമാണ് പി അബ്ദുല്‍ ഹമീദ് ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സംഘ പരിവാരത്തിന് ചൂട്ട് പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും ഇന്ന് രാജ്യത്ത് നടത്തി കൊണ്ടിരിക്കുന്നത്. അത് കൊണ്ട് സംഘ പരിവാരത്തിന് ബദലാവാന്‍ എസ്ഡിപിഐക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അതു കൊണ്ട് തന്നെ ജനങ്ങള്‍ ഉത്കണ്്ഠയോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കികാണുന്നതെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷത്തെ ഭരണം കൊണ്ട് ഒന്നും സാധ്യമാക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് വേളയില്‍ പുതിയ പൊടിക്കൈകളാണ് മോദി നടത്തുന്നത്. ആരില്‍ നിന്ന് ആരെ രക്ഷിക്കാനാണ് കോടിയേരിയുടെയും കാനം രാജേന്ദ്രന്റെയും നേതൃത്വത്തില്‍ കേരള സംരക്ഷണയാത്ര സംഘടിപ്പിച്ചത്. വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ് ഡി പി ഐ മുന്നോട്ട് വന്നിരിക്കുന്നതെന്നും അതു തന്നെയാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വ്യാപാര വക്താക്കളാണ് എല്‍ഡിഎഫും യുഡിഎഫുമെന്നും ചടങ്ങില്‍ നയവിശദീകരണം നടത്തി സംസാരിച്ച ദേശീയ സമിതിയംഗം ഇ എം അബ്ദുറഹ്മാന്‍ പറഞ്ഞു. കേരളത്തില്‍ രണ്ട് കൂട്ടരും നടത്തുന്നത് സൗഹാര്‍ദ്ദ മല്‍സരമാണ്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപി വിജയിക്കില്ലെന്ന് ഇരുകൂട്ടരും പറയുന്നു. എങ്കില്‍ 10 സീറ്റില്‍ യുഡിഎഫിനും 10 സീറ്റില്‍ എല്‍ ഡി എഫിനും ഒന്നിച്ചു മല്‍സരിച്ച് കൂടേ എന്നും അദ്ദേഹം ചോദിച്ചു.എസ്ഡിപിഐയുടെ ഒരു നേതാവും രാഷ്ട്രീ വ്യാപാരിയല്ലായെന്നും എസ്ഡിപിഐ നിര്‍ത്തിയിരിക്കുന്നത് ഒരു മല്‍സരാര്‍ഥിയെയാണെന്നും അത് കൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ എസ്ഡിപിഐക്ക് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പടലപിണക്കങ്ങളും ഉള്‍ പാര്‍ട്ടി വടം വലികളും കുതികാല്‍ വെട്ടും ഒക്കെ എസ്ഡിപി ഐക്ക് അന്യമായത് കൊണ്ടാണ് സ്ഥാനാര്‍ഥികളെ പെട്ടെന്ന് പ്രഖ്യാപിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. യഥാര്‍ഥ ബദല്‍ എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍ സംസാരിച്ചു. ലോക്‌സഭ -അസംബ്ലി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി മൊയ്തീന്‍ കുഞ്ഞ് നിര്‍വഹിച്ചു. എസ്ഡിപിഐ എറണാകുളം ജില്ലാ ട്രഷറര്‍ സുധീര്‍ ഏലൂക്കര, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം നാസര്‍ ബാഖവി, എസ്ഡിറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍, എറണാകുളം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി വി എം ഫൈസല്‍, എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാനവാസ് പുതുക്കാട് സംസാരിച്ചു.

Next Story

RELATED STORIES

Share it