Kerala

വെന്റിലേറ്റര്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ്

വെന്റിലേറ്റര്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ്
X

മലപ്പുറം: വെന്റിലേറ്റര്‍ കിട്ടാതെ മലപ്പുറം ജില്ലയില്‍ രണ്ട് കൊവിഡ് രോഗികള്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ജില്ലാ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. തിരൂര്‍ പുറത്തൂര്‍ സാദേശിനി ഫാത്തിമയും വെളിയങ്കോട് സ്വദേശിനി കഴുങ്ങുംതോട്ടത്തില്‍ ഫാത്തിമയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്‌സിജന്‍ കിട്ടാതെ മരണപ്പെടുന്ന സാഹചര്യമുണ്ടായത്. ശ്വാസതടസ്സമുള്ള ആളാണെന്നും വെന്റിലേറ്റര്‍ സൗകര്യം വേണമെന്നും മുന്‍കൂട്ടി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന ബന്ധുക്കളുടെ ആരോപണം ഗൗരവമുള്ളതാണ്.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ഇത് കാണിക്കുന്നത്. മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായ സാഹചര്യമാണ് നിലവിലുള്ളത്. ജനസംഖ്യാനുപാതികമായി ജില്ലയില്‍ കൊവിഡ് ചികില്‍സാസൗകര്യമൊരുക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെത്തുന്ന മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം നിര്‍ത്തിവച്ചത് ഒരുകാരണവശാലും ന്യായീകരിക്കാനാവില്ല.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും ഇത് പ്രകടമാണ്. ജില്ലയേക്കാള്‍ ജനസംഖ്യ എത്രയോ കുറഞ്ഞ ജില്ലകള്‍ക്ക് കൊടുക്കുന്ന പരിഗണനയോ അതില്‍ കുറഞ്ഞതോ മലപ്പുറത്തിനും നല്‍കുന്നത് പ്രതിഷേധാര്‍ഹമാണ്. കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ പോലും ഇത് വ്യക്തമാണ്. മലപ്പുറം ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായി ചികില്‍സാ സൗകര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it