Kerala

സംഭരണ ശേഷി പ്രതിദിനം 200 ലക്ഷം ലിറ്റര്‍; പീച്ചിയില്‍ ആധുനിക ജലശുദ്ധീകരണശാല പൂര്‍ത്തീകരണത്തിലേക്ക്

തൃശൂര്‍ നഗരത്തിലെ കുടിവെള്ള വിതരണം 1962 ലാണ് ആരംഭിച്ചത്. പീച്ചിയിലുള്ള 14.50 എം എല്‍ ഡി ജലശുദ്ധീകരണ ശാലയില്‍ നിന്നാണ് പഴയ നഗരസഭ പ്രദേശത്ത് പ്രധാനമായും ജലവിതരണം നടത്തിവരുന്നത്.

സംഭരണ ശേഷി പ്രതിദിനം 200 ലക്ഷം ലിറ്റര്‍;  പീച്ചിയില്‍ ആധുനിക ജലശുദ്ധീകരണശാല പൂര്‍ത്തീകരണത്തിലേക്ക്
X

തൃശൂര്‍: നഗരത്തിലെ കുടിവെള്ള വിതരണത്തില്‍ വന്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ 20 എംഎല്‍ഡി ജല ശുദ്ധീകരണശാല, ഫ്‌ലോട്ടിങ് ഇന്‍ടേക്ക് സ്ട്രക്ച്ചര്‍, ഡെഡിക്കേറ്റഡ് പവര്‍ ഫീഡര്‍ എന്നിവ പൂര്‍ത്തീകരണ ഘട്ടത്തിലേക്ക്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25.3 0 കോടി രൂപ ചെലവില്‍ ഈ 3 പദ്ധതികളും പൂര്‍ത്തീകരിക്കുന്നതോടുകൂടി പഴയ നഗരസഭ പ്രദേശത്ത് സമൃദ്ധിയായി ഉന്നത ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാകും.

തൃശൂര്‍ നഗരത്തിലെ കുടിവെള്ള വിതരണം 1962 ലാണ് ആരംഭിച്ചത്. പീച്ചിയിലുള്ള 14.50 എം എല്‍ ഡി ജലശുദ്ധീകരണ ശാലയില്‍ നിന്നാണ് പഴയ നഗരസഭ പ്രദേശത്ത് പ്രധാനമായും ജലവിതരണം നടത്തിവരുന്നത്. എന്നാല്‍ വര്‍ധിച്ചുവരുന്ന കുടിവെള്ളത്തിന്റെ ആവശ്യകത പരിഹരിക്കുന്നതിന് ഈ പ്ലാന്റ് അപര്യാപ്തമാണ്.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിനുമായാണ് 2050 ലെ ജനസംഖ്യ കണക്കാക്കി നിലവിലുള്ള ജലശുദ്ധീകരണ ശാലയോട് ചേര്‍ന്ന് പ്രതിദിനം 200 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ജല ശുദ്ധീകരണശാല നിര്‍മിച്ചിട്ടുള്ളത്.

എയിറേഷന്‍, കൊയാഗുലേഷന്‍, ഫ്‌ലോക്കുലേഷന്‍,

ക്ലാരിഫിക്കേഷന്‍, റാപ്പിഡ് സാന്‍ഡ് ഫില്‍ട്രേഷന്‍, ഫൈനല്‍ ഡിസ്ഇന്‍ഫെക്ഷന്‍ എന്നിവ ജലശുദ്ധീകരണ പ്രക്രിയയിലെ പ്രധാന ഘടകങ്ങളാണ്. 17.30 കോടി രൂപ ഭരണാനുമതി ലഭിച്ചിട്ടുള്ള ഈ പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലായത് ജില്ലയ്ക്ക് പ്രധാന നേട്ടമാകും.

പീച്ചി ഡാമിലെ അടിത്തട്ടിലെ വെള്ളമാണ് ഇപ്പോള്‍ ശുദ്ധീകരണത്തിനായി എടുക്കുന്നത്. വര്‍ഷങ്ങളായി അടിത്തട്ടില്‍ ശേഖരിക്കപ്പെടുന്ന മണ്ണും ചെളിയും ഇരുമ്പിന്റെ അംശവും ഉപയോഗിക്കുന്ന വെള്ളത്തില്‍ ചേരുന്നുണ്ട്. ഇതിന്റെ ഭാഗമായി ജലത്തിന്റെ ഗുണനിലവാരത്തില്‍ വരുന്ന കുറവ് പരിഹരിക്കുന്നതിനായി റിസര്‍വോയറിലെ ഉപരിതലത്തില്‍ നിന്നും വെള്ളം സംഭരിക്കുന്നതിനായി 215 എച്ച്പിയുടെ സബ്‌മെഴ്‌സിബിള്‍ സെന്‍ട്രിഫ്യൂഗല്‍ പമ്പ് 3 എണ്ണം സ്ഥാപിച്ചു കൊണ്ടുള്ള ഫ്‌ലോട്ടിങ് ഇന്‍ടേക്ക് സ്ട്രക്ചറിന്റെ നിര്‍മാണവും പൂര്‍ത്തീകരണ ഘട്ടത്തിലാണ്. 5 കോടി രൂപയാണ് ഇതിന് വിനിയോഗിച്ചത്. പദ്ധതി കൊണ്ട് നഗരസഭാ നിവാസികള്‍ക്ക് കൂടുതല്‍ നിലവാരത്തിലുള്ള കുടിവെള്ളം ലഭിക്കും.

പീച്ചി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വൈദ്യുതി ലഭിക്കുന്നത് പട്ടിക്കാട്, നടത്തറ സബ് സ്‌റ്റേഷനുകളില്‍ നിന്നും രണ്ട് ഓവര്‍ ഹെഡ് വൈദ്യുത ലൈനുകളിലൂടെയുമാണ്. ഈ വൈദ്യുത ലൈന്‍ വനപ്രദേശത്തുകൂടി കടന്നു വരുന്നതിനാല്‍ മഴക്കാലത്ത് വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പട്ടിക്കാടുള്ള 33 കെവി സബ്‌സ്‌റ്റേഷനില്‍ നിന്നും 11 കെവി ഡെഡിക്കേറ്റഡ് ഫീഡര്‍,11 കെ വി ഇന്‍ഡോര്‍ ട്രാന്‍സ്‌ഫോമര്‍, വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ എന്നിവ സ്ഥാപിച്ച് ജല ശുദ്ധീകരണ ശാലയിലേക്കുള്ള വൈദ്യുതി തടസ്സം ഒഴിവാക്കും. ഇതോടെ 24 മണിക്കൂറും ശുദ്ധീകരണശാല പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യും. 3 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയും അവസാന ഘട്ടത്തിലാണ്.

ഫ്‌ലോട്ടിങ് ഇന്‍ടേക്ക് സ്ട്രക്ക്ച്ചര്‍ ഡെഡിക്കേറ്റഡ് പവര്‍ ഫീഡര്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന 20 എം എല്‍ ഡി ജല ശുദ്ധികരണ ശാലയില്‍ നിന്നും പഴയ നഗരസഭ പ്രദേശത്തെ 1 ലക്ഷം ജനങ്ങള്‍ക്കും ആളോഹരി പ്രതിദിനം 150 ലിറ്ററിന് മുകളില്‍ കുടിവെള്ളം ലഭിക്കും.

Next Story

RELATED STORIES

Share it