Kerala

പെരിയ ഇരട്ടക്കൊല: നിയമസഭ പ്രക്ഷുബ്ധം; കേസ് സിബിഐയ്ക്ക് വിടുന്നതിനോട് യോജിപ്പില്ലെന്ന് സര്‍ക്കാര്‍

ഷാഫിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ, ആരുടെയെങ്കിലും വിടുവായത്തരത്തിന് മറുപടി പറയാന്‍ താനില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വിടുവായന്‍മാര്‍ക്ക് സര്‍ക്കാര്‍ നിലപാട് അലോസരമുണ്ടാക്കുന്നു. പ്രതിപക്ഷം മര്യാദയില്ലാതെ പെരുമാറുന്നുവെന്ന് സ്പീക്കറും പറഞ്ഞു.

പെരിയ ഇരട്ടക്കൊല: നിയമസഭ പ്രക്ഷുബ്ധം; കേസ് സിബിഐയ്ക്ക് വിടുന്നതിനോട് യോജിപ്പില്ലെന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട ആരോപണ- പ്രത്യാരോപണങ്ങളില്‍ നിയമസഭയില്‍ വാക്കേറ്റവും ബഹളവും. പെരിയ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ, ആരുടെയെങ്കിലും വിടുവായത്തരത്തിന് മറുപടി പറയാന്‍ താനില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വിടുവായന്‍മാര്‍ക്ക് സര്‍ക്കാര്‍ നിലപാട് അലോസരമുണ്ടാക്കുന്നു. പ്രതിപക്ഷം മര്യാദയില്ലാതെ പെരുമാറുന്നുവെന്ന് സ്പീക്കറും പറഞ്ഞു.

ക്രുദ്ധനായി സംസാരിച്ച മുഖ്യമന്ത്രി ഷാഫിയുടെ ആരോപണങ്ങളെ വിടുവായത്തരമെന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതിനിടെ, മുഖ്യമന്ത്രിയുടെ അടുത്തിരുന്ന മന്ത്രി ഇ പി ജയരാജന്‍ ഷാഫിയെ 'റാസ്‌കല്‍' എന്ന് വിളിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. കൊലയാളികളെ സംരക്ഷിക്കാന്‍ പൊതുപണം ഉപയോഗിക്കുകയാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കൊലയാളികളുടെ ദൈവമായി മാറി. ക്രിമിനലുകള്‍ക്കുവേണ്ടി ക്രിമിനലുകളാണ് ഭരിക്കുന്നത്.

പെരിയ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് കേസ് ഡയറിയടക്കമുള്ള സുപ്രധാന രേഖകള്‍ ക്രൈംബ്രാഞ്ച് ഇതുവരെ കൈമാറാത്തതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. അതേസമയം, കേസ് സിബിഐയ്ക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അതിനാലാണ് കേസില്‍ സര്‍ക്കാര്‍ രണ്ടാമത് അപ്പീല്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമത് അപ്പീല്‍ പോവണമെങ്കില്‍ അതിന് വക്കീലിനെ കൊണ്ടുവരുന്നതെല്ലാം സാധാരണയാണ്. അതിന് ഖജനാവില്‍നിന്ന് പണം നല്‍കേണ്ടിവരും. അപ്പീല്‍ എന്നത് തീര്‍ത്തും നിയമപരമായ നടപടിയാണെന്നും വിഷയത്തില്‍ പ്രോസിക്യൂഷന്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it