Kerala

നാട്ടിലേക്ക് മടങ്ങാന്‍ അനുമതി; മഅ്ദനിയുടെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും

നാട്ടിലേക്ക് മടങ്ങാന്‍ അനുമതി; മഅ്ദനിയുടെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും
X

ഡല്‍ഹി: കേരളത്തിലേക്ക് മടങ്ങാന്‍ അനുമതി തേടിയുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാന്‍ മാറ്റി. മഅ്ദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാന്‍ നല്‍കിയ അനുമതി നടപ്പാക്കാതെയിരിക്കാന്‍ വിചിത്രമായ നടപടികളാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയതെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ അനുമതി വേണമെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഇന്നും ആവശ്യപ്പെട്ടു.

മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ കഴിഞ്ഞില്ല. സുരക്ഷാ ചെലവിനായി കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. തുക താങ്ങാന്‍ കഴിയാത്തതിനാല്‍ അവസാനം ഇക്കഴിഞ്ഞ 26 തീയതിയാണ് കേരളത്തിലേക്ക് പോയത്. ഈ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു. കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടായതിനാല്‍ പുതിയ അഭിഭാഷകനാണ് ഇന്ന് ഹാജരായത്. സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനായി സമയം ചോദിച്ചതിനെ തുടര്‍ന്ന് ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റിയത്. മഅ്ദനിയ്ക്കായി അഭിഭാഷകന്‍ ഹാരീസ് ബിരാനും ഹാജരായി.

നിലവില്‍ മഅ്ദനിക്ക് ബെംഗളൂരുവില്‍ മാത്രമാണ് താമസിക്കാന്‍ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീംകോടതിയില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യത്തില്‍ തിങ്കഴാഴ്ച്ച വാദം കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭാഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കര്‍ണ്ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷയത്തില്‍ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്.

പിതാവിനെ സന്ദര്‍ശിക്കാനായി പ്രത്യേക അനുമതി കോടതിയില്‍ നിന്ന് വാങ്ങി കേരളത്തിലെത്തിയ മഅദനി പിതാവിനെ കാണാതെയാണ് മടങ്ങിയത്. ജൂണ്‍ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാല്‍ അന്‍വാര്‍ശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.


Next Story

RELATED STORIES

Share it