Kerala

യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസിനെതിരേ കേസെടുത്തു

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനങ്ങളെ കുറിച്ച് ജെയിംസ് മാത്യു എംഎല്‍െ തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീനു നല്‍കിയ കത്തെന്നു പറഞ്ഞ് പ്രചരിപ്പിക്കുകയും മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തത് വ്യാജരേഖയാണെന്നാണു പരാതി

യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസിനെതിരേ കേസെടുത്തു
X

കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരേ പോലിസ് കേസെടുത്തു. സിപിഎം നേതാവും തളിപ്പറമ്പ് എംഎല്‍എയുമായ ജെയിംസ് മാത്യു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ പരാതിയിലാണ് കോഴിക്കോട് വെള്ളയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനങ്ങളെ കുറിച്ച് ജെയിംസ് മാത്യു എംഎല്‍െ തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീനു നല്‍കിയ കത്തെന്നു പറഞ്ഞ് പ്രചരിപ്പിക്കുകയും മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തത് വ്യാജരേഖയാണെന്നാണു പരാതി. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫിറോസ് കത്ത് വിതരണം ചെയ്തത്. പരാതിയില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ജെയിംസ് മാത്യു അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിയിരുക്കുന്നത്. അതേസമയം, മന്ത്രി കെ ടി ജലീലിനനെതിരായ ബന്ധു നിയമന വിവാദം, സൈമണ്‍ ബ്രിട്ടോയുടെ മരണത്തിലെ ദുരൂഹത തുടങ്ങിയ വിഷയങ്ങളിലും ബന്ധുനിയമന വിവാദങ്ങളിലും പി കെ ഫിറോസ് നടത്തുന്ന ആരോപണങ്ങള്‍ക്കു തടയിടാനും ജയിലിലടയ്ക്കാനും നീക്കം നടക്കുന്നതായി യൂത്ത് ലീഗ് നേരത്തേ ആരോപിച്ചിരുന്നു. സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നത് തടയാനാവാത്തതിനാല്‍ ആശങ്കയിലായ സിപിഎം നേതൃത്വതമാണ് കേസിനു പിന്നിലെന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു.

നേരത്തേ, ഹര്‍ത്താല്‍ദിനത്തില്‍ പേരാമ്പ്ര പള്ളിക്കു സിപിഎമ്മുകാര്‍ ബോംബെറിഞ്ഞെന്നു പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ നജീബ് കാന്തപുരത്തിനെതിരേ കേസെടുത്തിരുന്നു. വര്‍ഗീയത പ്രചരിപ്പിച്ച് കലാപശ്രമം നടത്തിയെന്നാണു നജീബിനെതിരായ കേസ്. സംഭവം വിവാദമായതോടെ ബോംബെറിഞ്ഞു എന്നത് മാറ്റി കല്ലേറ് എന്നാക്കി റീ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പോലിസ് കേസെടുക്കുകയായിരുന്നു.




Next Story

RELATED STORIES

Share it