Kerala

പാവപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് ഉത്തരേന്ത്യന്‍ ലോബി തട്ടിയെടുക്കുന്നു; അറിഞ്ഞിട്ടും നടപടിയില്ലാതെ പോലിസ്

വിദ്യാര്‍ത്ഥികളല്ലാത്തവരെ പട്ടികയില്‍ തിരുകി കയറ്റി പണം തട്ടാനായിരുന്നു ശ്രമം. തട്ടിപ്പ് നടത്തിയ നാല് പേരെ തിരിച്ചറിഞ്ഞിട്ടും പൊലിസ് നടപടി സ്വീകരിച്ചില്ല. തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്താല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാവുയുള്ളൂ.

പാവപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് ഉത്തരേന്ത്യന്‍ ലോബി തട്ടിയെടുക്കുന്നു; അറിഞ്ഞിട്ടും നടപടിയില്ലാതെ പോലിസ്
X

തിരുവനന്തപുരം: കേരളത്തിലെ പാവപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് തുക ഉത്തരേന്ത്യന്‍ ലോബി തട്ടിയെടുക്കുന്നു. വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറി അനര്‍ഹരെ പട്ടികയില്‍ തിരുകിക്കയറ്റിയാണ് തട്ടിപ്പ്. ലക്ഷക്കണക്കിന് രൂപയാണ് ഈ രീതിയില്‍ അനര്‍ഹരുടെ അക്കൗണ്ടിലേക്കു പോവുന്നത്. ബന്ധപ്പെട്ട വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പ് നടക്കുന്നതെന്നും സൂചനയുണ്ട്.

ഇതു സംബന്ധമായ വിവരങ്ങള്‍ ഒരു മലയാള ചാനല്‍ പുറത്തുകൊണ്ടുവന്നിട്ടും തട്ടിപ്പുകാര്‍ക്കെതിരേ യാതൊരു നടപടിയുമെടുക്കാന്‍ പൊലിസ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. മൊബൈല്‍ നമ്പര്‍ സൈബര്‍ സംഘം കൈമാറിയിട്ടും പൊലിസ് നടപടിയെടുക്കാന്‍ തയ്യാറായില്ല.

വിദ്യാര്‍ത്ഥികളല്ലാത്തവരെ പട്ടികയില്‍ തിരുകി കയറ്റി പണം തട്ടാനായിരുന്നു ശ്രമം. തട്ടിപ്പ് നടത്തിയ നാല് പേരെ തിരിച്ചറിഞ്ഞിട്ടും പൊലിസ് നടപടി സ്വീകരിച്ചില്ല. തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്താല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാവുയുള്ളൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട ഐടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍(എന്‍ഐസി) ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലമാണ് പോലിസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കേരളത്തിലെ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ ഉള്ളവരില്‍ പലരും ഉത്തരേന്ത്യക്കാരാണെന്നും കോളജുകളുടെ പട്ടികയിലുള്ളത് കോളജുമായി ബന്ധമില്ലാത്തവരുടെ പേരുകളാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ പത്താംക്ലാസുകാരടക്കം ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിലെ പേരുകളെല്ലാം വ്യാജമാണെന്ന് വ്യക്തം.

എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന കോഴ്‌സോ കോളജോ അറിയില്ല. തന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഉണ്ടെന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. അനര്‍ഹരെ തിരുകിക്കയറ്റി സ്‌കോളര്‍ഷിപ്പ് ലോബി തട്ടിപ്പ് തുടരുകയാണ്. പാവപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് വഴി കോടികളാണ് തട്ടിപ്പുകാര്‍ കൈക്കലാക്കുന്നത്.

2017-18ലെ ഔദ്യോഗിക കണക്കു പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഏറ്റവുമധികം പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളത്. കേരളത്തില്‍ നിന്ന് 55,941 പേരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. ആന്ധ്രപ്രദേശില്‍ 15,465 പേരും തെലങ്കാനയില്‍ 32,220 പേരും കര്‍ണാടകയിലും തമിഴ്‌നാട്ടിലും 32,690 പേര്‍ വീതവുമാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നേടിയത്.

എന്നാല്‍, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 26.68 കോടി രൂപയാണ് 2017-18 വര്‍ഷം കേരളത്തിലേക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കിയത്. എന്നാല്‍, ഈ തുക മുഴുവന്‍ അര്‍ഹരായവര്‍ക്കു തന്നെയാണോ ലഭിച്ചത് എന്ന കാര്യം വ്യക്തമല്ല. 2015-16 വര്‍ഷം കേരളത്തില്‍ സ്‌കോളര്‍ഷിപ്പ് നേടിയവര്‍ 46,703 ആയിരുന്നു. ഇതാണ് തൊട്ടടുത്ത വര്‍ഷം 55,941 ആയി ഉയര്‍ന്നത്.

ശക്തമായ ബോധവല്‍ക്കരണമില്ലാത്തതിനാല്‍ അര്‍ഹരായ നിരവധി പേര്‍ അപേക്ഷിക്കാത്തവരായിട്ടുണ്ടെന്ന് മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ പി ഒ ജെ ലബ്ബ പറയുന്നു. ഈ സാഹചര്യവും തട്ടിപ്പുകാര്‍ ്പ്രയോജനപ്പെടുത്തുന്നുണ്ട്.

അവസാന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക ലഭിച്ച മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി വിദ്യാര്‍ഥികള്‍ക്കാണ് പോസ്റ്റ് മെട്രിക് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷ പ്രിന്‍സിപ്പാളും കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും അംഗീകരിച്ചാല്‍ മാത്രമേ കേന്ദ്രം പണം അനുവദിക്കൂ. സാധാരണ നിലയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്.

നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും പ്രിന്‍സിപ്പാളിനും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പ്രത്യേകം പാസ്‌വേര്‍ഡ് ഉണ്ടാവും. കോളജിന്റെ രഹസ്യ പാസ്‌വേര്‍ഡ് കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം.

കണ്ണൂര്‍ ഇരിട്ടി എംജി കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എം ജെ മാത്യു ഇക്കാര്യം സ്ഥിരീകരിക്കുന്നു. വെരിഫൈഡ് ലിസ്റ്റില്‍ കോളജിന്റേത് അല്ലാത്ത 38 കുട്ടികള്‍ ഉള്‍പ്പെട്ടതായാണ് അദ്ദേഹം വ്യക്തമാക്കിയത്. അവരുടെ പേരുകള്‍ കോളജിന്റെ വെബ്‌സൈറ്റിലുണ്ടെന്നും അതില്‍ പലതും പേമെന്റ് റെക്കമെന്റേഷന് പോയതായും അദ്ദേഹം സ്ഥിരീകരിക്കുന്നു.

പാസ്‌വേഡുകള്‍ ചോര്‍ന്നത് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നാണോ അതോ കേന്ദ്ര മാനവ ശേഷി വിഭവ മന്ത്രാലയത്തില്‍ നിന്നാണോ എന്ന കാര്യം വ്യക്തമല്ല.


Next Story

RELATED STORIES

Share it