Kerala

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; എസ്എഫ്‌ഐക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം; മന്ത്രി മുഹമ്മദ് റിയാസ്

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; എസ്എഫ്‌ഐക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം; മന്ത്രി മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയെ അനുകൂലിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ ചെയ്യുന്നതെന്നും എസ്.എഫ്.ഐക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

'ക്യാംപസിലെ കാവിവല്‍കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. എസ്എഫ്‌ഐയെപ്പോലെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെഎസ്യുവിനുമുണ്ട്. പ്രതിഷേധിച്ച എസ്എഫ്‌ഐയ്ക്ക് ഷെയ്ക് ഹാന്‍ഡ് നല്‍കുകയാണ് വേണ്ടത്', മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് സമീപത്ത് വച്ച് തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. 'ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ 'ബ്ലഡി ക്രിമിനല്‍സ്' എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. രണ്ടുസ്ഥലങ്ങള്‍ക്കും ഇടയില്‍ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ റോഡിലേക്കിറങ്ങിയത്. വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ചെന്നതോടെ പൊലീസും കുഴങ്ങി. ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിയ്ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ച് പൊലീസുകാരേയും ഗവര്‍ണര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.





Next Story

RELATED STORIES

Share it