Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കില്ലന്ന തീരുമാനം ദുരുദ്ദേശപരം: മെക്ക

തീരുമാനത്തിനു പിന്നില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഇഡബ്ല്യുഎസ് സംവരണ തസ്തികകളുടെ പേരില്‍ കൂടുതല്‍ നിയമനങ്ങള്‍ നേടിയെടുക്കുവാന്‍ അവസരം സൃഷ്ടിക്കുകയെന്ന തന്ത്രവുമുണ്ടെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആരോപിച്ചു.

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കില്ലന്ന തീരുമാനം ദുരുദ്ദേശപരം: മെക്ക
X

കൊച്ചി: നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇനിയും ദീര്‍ഘിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആസൂത്രിത ഗൂഢാലേചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആരോപിച്ചു.ഇക്കാലമത്രയും ഇടതുവലതു സര്‍ക്കാരുകളും പിഎസ് സിയും പ്രത്യേക സാഹചര്യങ്ങളില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വര്‍ഷം വരെ ദീര്‍ഘിപ്പിക്കുന്ന കീഴ് വഴക്കമാണുണ്ടായിരുന്നത്. ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഇഡബ്ല്യുഎസ് സംവരണ തസ്തികകളുടെ പേരില്‍ കൂടുതല്‍ നിയമനങ്ങള്‍ നേടിയെടുക്കുവാന്‍ അവസരം സൃഷ്ടിക്കുകയെന്ന തന്ത്രവുമുണ്ടെന്നും എന്‍ കെ അലി ആരോപിച്ചു.

കാലാവധി ദീര്‍ഘിപ്പിക്കുകയില്ല എന്നു പ്രഖ്യാപിച്ചിട്ടുള്ള റാങ്കുലിസ്റ്റുകള്‍ എല്ലാം പിന്നാക്കവിഭാഗ സംവരണക്കാര്‍ക്ക് മാത്രമായി 50 ശതമാനം മെറിറ്റും 50 ശതമാനം സംവരണവും ഉറപ്പുവരുത്തുവാന്‍ ഉതകുന്ന വിധത്തിലുള്ളതാണ്. ഈ ലിസ്റ്റുകള്‍ എല്ലാം മുന്നാക്ക സംവരണ തീരുമാനത്തിന് മുമ്പുള്ളവയുമാണ്. പ്രസ്തുത ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാതെ കാലഹരണപ്പെടുത്തിയാല്‍ പുതുതായി വരുന്ന ലിസ്റ്റുകളിലുള്ള പത്തുശതമാനം മുന്നാക്ക സംവരണ വിഭാഗത്തിന്ത് പരമാവധി അവസരം സൃഷ്ടിക്കുവാന്‍ സാഹചര്യം ഒരുങ്ങുന്നതാണ്.

പിഎസ് സി യിലേയും രാഷ്ട്രീയ കക്ഷികളിലെയും പിന്നാക്കവിരുദ്ധ സംവരണവിരുദ്ധ ലോബിയുടെ ഗൂഢാലോചനയും ഉപദേശവും സംശയിക്കുന്നുവെന്നും എന്‍ കെ അലി വ്യക്തമാക്കി.ഒഴിവുകള്‍ പൂര്‍ണമായും റിപ്പോര്‍ട്ട് ചെയ്യിക്കാതെയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നിയമാനുസൃതം മുന്‍ കാലങ്ങളിലെപ്പോലെ ദീര്‍ഘിപ്പിക്കാത്തത് പിന്നാക്ക സംവരണ സമുദായങ്ങള്‍ക്ക് കനത്ത നഷ്ടത്തിന് ഇടവരുത്തും. പത്തുശതമാനം മുന്നാക്ക സംവരണക്കാരെ സഹായിക്കുവാനുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ സവര്‍ണ ഗൂഢാലോചനയും പിഎസ്‌സിലെ പിന്നാക്ക വിരുദ്ധരുടെ നീക്കവും അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ട മുഴുവന്‍ അധികാര കേന്ദ്രങ്ങളും സത്വര നടപടി സ്വീകരിക്കണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it