Kerala

ഖേല്‍രത്‌ന: രാജീവ് ഗാന്ധിയുടെ പേര് പിന്‍വലിച്ച നടപടി അല്‍പത്തരമെന്ന് വി എം സുധീരന്‍

ഖേല്‍രത്‌ന: രാജീവ് ഗാന്ധിയുടെ പേര് പിന്‍വലിച്ച നടപടി അല്‍പത്തരമെന്ന് വി എം സുധീരന്‍
X

ന്യൂഡല്‍ഹി: കായികരംഗത്ത് രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്നും രാജ്യത്തിനു വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച് ധീര രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റത്തെ ഭരണപരവും രാഷ്ട്രീയവുമായ അനൗചിത്യവും അല്‍പത്തരവുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമായ ഈ അധാര്‍മിക നടപടി എത്രയും വേഗത്തില്‍ പിന്‍വലിക്കണം. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തോട് മാപ്പ് പറയുകയും വേണം. രാജ്യം ആദരിക്കുന്ന കായിക പ്രതിഭയായ ധ്യാന്‍ചന്ദിന്റെ പേരില്‍ അനുയോജ്യമായ മറ്റൊരു സ്മാരകം ഏര്‍പ്പെടുത്തുകയാണ് ഉചിതം. വി എം സുധീരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വര്‍ഷങ്ങളായി രാജീവ് ഗാന്ധി ഖേല്‍ രത്‌ന എന്നറിയപ്പെട്ടിരുന്ന പുരസ്‌കാരത്തിന്റെ പേര് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലേക്ക് പുനര്‍നാകരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തനിക്ക് ലഭിച്ച അപേക്ഷകളുടെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

'ഖേല്‍ രത്‌ന പുരസ്‌കാരം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലേക്ക് മാറ്റണമെന്ന് കുറച്ചുനാളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എനിക്ക് അപേക്ഷകള്‍ ലഭിക്കുന്നു. അവരുടെ നിര്‍ദ്ദേശത്തിനും ഇത്തരമൊരു കാഴ്ചപ്പാടിനും നന്ദി.'

'ഈ ആവശ്യം ഉന്നയിച്ച ആളുകളുടെ അഭ്യര്‍ഥന മാനിച്ച്, ഇനി മുതല്‍ ഖേല്‍ രത്‌ന പുരസ്‌കാരം മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്ന് അറിയപ്പെടും. ജയ് ഹിന്ദ്'. പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.

'കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ കായിക താരങ്ങളില്‍ പ്രമുഖനാണ് മേജര്‍ ധ്യാന്‍ചന്ദ്. നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട കായിക പുരസ്‌കാരം അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നതാണ് ഉചിതം'. മറ്റൊരു ട്വീറ്റില്‍ മോദി കുറിച്ചു.

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോലി, മഹേന്ദ്രസിങ് ധോണി, ഹോക്കി താരങ്ങളായ ധന്‍രാജ് പിള്ള, സര്‍ദാര്‍ സിങ്, ടെന്നിസ് താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സ്, സാനിയ മിര്‍സ, ചെസ് താരം വിശ്വനാഥന്‍ ആനന്ദ്, ബാഡ്മിന്റന്‍ താരങ്ങളായ പുല്ലേല ഗോപീചന്ദ്, സൈന നെഹ്‌വാള്‍, പി.വി. സിന്ധു, മലയാളി അത്‌ലീറ്റുകളായ അഞ്ജു ബോബി ജോര്‍ജ്, കെ.എം. ബീനാമോള്‍ തുടങ്ങിയവരാണ് ഈ പുരസ്‌കാരം നേടിയിട്ടുള്ള പ്രമുഖര്‍. ഇതുവരെ 36 പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it