Kerala

ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലും പി.എസ്.സിയുടെ തിരിമറി; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം

ആസൂത്രണബോര്‍ഡിലെ പ്‌ളാനിങ് കോര്‍ഡിനേഷന്‍ ചീഫ്, ഡീസെന്‍ട്രലൈസ്ഡ് പ്‌ളാനിങ് ചീഫ്, സോഷ്യല്‍ സര്‍വ്വീസ് ചീഫ് എന്നീ ഉന്നത തസ്തികകളിലെ ഇന്‍ര്‍വ്യൂവില്‍ ഇടത് അനുഭാവികളായ അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കിട്ടത്തക്ക വിധത്തില്‍ മാര്‍ക്ക് കൂട്ടിയിട്ടു നല്‍കിയെന്നാണ് ആരോപണം.

ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലും പി.എസ്.സിയുടെ തിരിമറി; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ ഇന്റര്‍വ്യൂവില്‍ ഇടതു അനുഭാവികള്‍ക്ക് മാര്‍ക്ക് കൂട്ടിയിട്ട് ജോലി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആസൂത്രണ ബോര്‍ഡ് മേധാവികളെ തിരഞ്ഞെടുക്കുന്നതിന് പി.എസ്.സി നടത്തിയ ഇന്റര്‍വ്യൂവിലെ തിരിമറിയെക്കുറിച്ച് പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇടതു സര്‍ക്കാരിന് കീഴില്‍ പി.എസ്.സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. വളരെ കണിശമായും കൃത്യതയോടെയും പ്രവര്‍ത്തിച്ചിരുന്ന പി.എസ്.സിയെയാണ് തകര്‍ക്കുന്നത്. പോലിസ് റാങ്ക് ലിസ്റ്റിലെ ക്രമക്കേടു തന്നെ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്തിരുന്നു. ആ ലിസ്റ്റില്‍ ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്നതാണ് ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലെ തിരിമറി. സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ക്കും അനുഭാവികള്‍ക്കും പി.എസ്.സി വഴി ജോലി തരപ്പെടുത്തിക്കൊടുക്കുന്നത് പതിവാക്കി മാറ്റിയിരിക്കുന്നു.

ആസൂത്രണബോര്‍ഡിലെ പ്‌ളാനിങ് കോര്‍ഡിനേഷന്‍ ചീഫ്, ഡീസെന്‍ട്രലൈസ്ഡ് പ്‌ളാനിങ് ചീഫ്, സോഷ്യല്‍ സര്‍വ്വീസ് ചീഫ് എന്നീ ഉന്നത തസ്തികകളിലെ ഇന്‍ര്‍വ്യൂവില്‍ ഇടത് അനുഭാവികളായ അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കിട്ടത്തക്ക വിധത്തില്‍ മാര്‍ക്ക് കൂട്ടിയിട്ടു നല്‍കിയെന്നാണ് ആരോപണം. എഴുത്ത് പരീക്ഷയ്ക്ക് വളരെ പിന്നിലായിരുന്ന ഇവര്‍ മുന്നിലെത്തത്തക്ക വിധം മാര്‍ക്ക് കൂട്ടിയിട്ടു നല്‍കി.

എഴുത്ത് പരീക്ഷയ്ക്ക് ശേഷം നടക്കുന്ന ഇന്റര്‍വ്യൂവില്‍ 70%ത്തിലധികം മാര്‍ക്ക് നല്‍കരുതെന്ന സുപ്രീംകോടതി വിധി കാറ്റില്‍ പറത്തി 90 മുതല്‍ 95% വരെ മാര്‍ക്ക് നല്‍കിയാണ് ഇഷ്ടക്കാര്‍ക്ക് ജോലി ഉറപ്പാക്കിയത്. ഇതോടെ എഴുത്തു പരീക്ഷയില്‍ 91.75% മാര്‍ക്ക് വരെ ലഭിച്ച അപേക്ഷകര്‍ പിന്നിലാവുകയും വളരെ പിന്നിലായിരുന്ന ഇടതു അനുഭാവികള്‍ മുന്നിലെത്തുകയും ചെയ്തു എന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. 40 മാര്‍ക്കിന്റെ ഇന്റര്‍വ്യൂവില്‍ 36 മാര്‍ക്ക് വരെ നല്‍കിയാണ് പിന്നിലുള്ളവരെ മുന്നിലെത്തിച്ചത്.

പി.എസ്.സി ഇന്‍ര്‍വ്യൂവില്‍ ഇങ്ങനെ സുപ്രീംകോടതി നിര്‍ദ്ദേശം മറികടന്നു തിരിമറി നടത്തുന്നത് ലക്ഷക്കണക്കിന് യുവാക്കളോട് കാണിക്കുന്ന വഞ്ചനയാണ്. ഈ ഇന്റര്‍വ്യൂകള്‍ റദ്ദാക്കുകയും ഇതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തുകയും ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it