Kerala

തിരുവനന്തപുരത്ത് പോലിസുകാരുടെ തമ്മിലടി; 13 പേര്‍ക്കെതിരേ നടപടി

ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കി.

തിരുവനന്തപുരത്ത് പോലിസുകാരുടെ തമ്മിലടി; 13 പേര്‍ക്കെതിരേ നടപടി
X

തിരുവനന്തപുരം: തിരുവനന്തപുരം പൊലിസ് സര്‍വീസ് സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 13 പൊലിസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കി. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതു പാലിക്കപ്പെട്ടില്ല. യുഡിഎഫ് അനുകൂല പൊലിസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നാരോപിച്ചുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലിസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പൊലിസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പാനല്‍ സഹകരണ സംഘം ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒഴിഞ്ഞു പോകാന്‍ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും ചെവികൊള്ളാതെ പൊലിസുകാര്‍ തമ്മില്‍ ഉന്തും തള്ളും തുടങ്ങി. പിന്നീട് കൂടുതല്‍ പൊലിസെത്തി ഓഫീസില്‍ നിന്ന് എല്ലാവരെയും പുറത്താക്കുകയായിരുന്നു. മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങളിലെയും നാല് പൊലിസുകാര്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. പൊലിസിന്റെ നിര്‍ദ്ദേശം മറികടന്ന് ധര്‍ണ നടത്തിയതിന് ജിആര്‍ അജിത്തുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it