Kerala

മടങ്ങിയെത്തുന്ന പ്രവാസികളുടെ താമസം: കോട്ടയം ജില്ലയില്‍ 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം

ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസകേന്ദ്രങ്ങള്‍, കോളജ് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

മടങ്ങിയെത്തുന്ന പ്രവാസികളുടെ താമസം: കോട്ടയം ജില്ലയില്‍ 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം
X

കോട്ടയം: വിദേശരാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി താമസിപ്പിക്കുന്നതിനും കോട്ടയം ജില്ലയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഇവര്‍ക്ക് പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ വിദേശരാജ്യങ്ങളില്‍നിന്നുള്ള 13,950 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 6,200 പേരുമാണ് നാട്ടിലേക്ക് മടങ്ങുന്നതിന് നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസകേന്ദ്രങ്ങള്‍, കോളജ് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

റവന്യൂ, പൊതുമരാമത്ത് (കെട്ടിട വിഭാഗം) വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ഈ കെട്ടിടങ്ങളുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു. പൊതുസമ്പര്‍ക്കമില്ലാതെ കഴിയേണ്ടതുകൊണ്ടുതന്നെ ആറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കുക. ഓരോ മേഖലയിലും ഐസൊലേഷന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിന് ചാര്‍ജ് ഓഫിസര്‍മാരെയും താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തുന്നവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രി നീരീക്ഷണത്തിലേക്ക് മാറ്റും.

കൊവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കല്‍ കോളജിലും കോട്ടയം ജനറല്‍ ആശുപത്രിയിലുമായിരിക്കും ആദ്യഘട്ടത്തില്‍ ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കുക. ഈ രണ്ടുകേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ മതിയാവാതെ വന്നാല്‍ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളും ഉഴവൂരിലെ കെ ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്നുമെത്തുന്നവര്‍ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ഏഴുദിവസം ക്വാറന്റയനില്‍ കഴിയണം. ഏഴാം ദിവസം നടത്തുന്ന പിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവാണെങ്കില്‍ വീടുകളിലേക്ക് പോവാം. തുടര്‍ന്ന് വീട്ടില്‍ ഏഴുദിവസംകൂടി ക്വാറന്റൈനില്‍ കഴിയണം.

പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റും. അതത് മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുക. ഇതിനു പുറമെ കേന്ദ്രങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ രണ്ടുവോളണ്ടിയര്‍മാരെ വീതം നിയോഗിച്ചിട്ടുണ്ട്. നിലവില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തിലെന്നപോലെ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെയും ആരോഗ്യനില എല്ലാ ദിവസവും വിലയിരുത്തും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് മാറ്റും.

Next Story

RELATED STORIES

Share it