Kerala

മുസ്‌ലിം മുക്ത ഭാരതത്തിനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്: ഡോ.തസ്‌ലിം റഹ്മാനി

ജനാധിപത്യമര്യാദകള്‍ ലംഘിച്ചും പൗരന്‍മാരുടെ താല്‍പര്യങ്ങളെയും അവകാശങ്ങളെയും അവഗണിച്ചുമാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നത്.

മുസ്‌ലിം മുക്ത ഭാരതത്തിനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്: ഡോ.തസ്‌ലിം റഹ്മാനി
X

പെരിന്തല്‍മണ്ണ: രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം മുക്ത ഭാരതത്തിനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നതെന്ന് എസ് ഡിപിഐ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഡോ.തസ്‌ലിം റഹ്മാനി. പെരിന്തല്‍മണ്ണയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമവും ഏകസിവില്‍കോഡ് വാദവും സംഘപരിവാര്‍ ഉന്നയിക്കുന്നത്. 2025 ആവുമ്പോഴേയ്ക്ക് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് ആര്‍എസ്എസ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുള്ള തെയ്യാറെടുപ്പുകളാണ് ഭരണത്തിന്റെ മറവില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും അനൂകൂല്യങ്ങളോടെ നടത്തിക്കൊണ്ടിരിക്കുന്നത്.

ആഭ്യന്തര ശത്രുക്കളായി ' വിചാരധാര 'യില്‍ പറഞ്ഞിട്ടുള്ള മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും വംശനാശം വരുത്തി ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കാനാണ് അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുള്ളത്. എസ് ഡിപിഐ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇതിനെ ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യമര്യാദകള്‍ ലംഘിച്ചും പൗരന്‍മാരുടെ താല്‍പര്യങ്ങളെയും അവകാശങ്ങളെയും അവഗണിച്ചുമാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നത്. ഒരു രാജ്യം ഒരു നിയമം എന്നത് നടപ്പാക്കാന്‍ രാജ്യത്ത് കഴിയില്ല. വൈവിധ്യങ്ങളുടെ സംഗമഭൂമിയാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ മതങ്ങളും സംസ്‌ക്കാരങ്ങളും ഭാഷകളും ഇവിടെയുണ്ട്. രാജ്യത്തിന്റെ ഭരണഘടനയെ നാം ആദരിക്കുന്നു.

എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും പ്രാദേശികതയെയും ബഹുമാനിക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളെ ലംഘിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. ഫാഷിസ്റ്റ് അജണ്ടകള്‍ക്കനുസരിച്ച് ഒരു മതം ഒരു സംസ്‌കാരം എന്ന നിലയിലേക്ക് രാജ്യത്തെ മാറ്റാന്‍ രാജ്യത്തെ സ്‌നേഹിക്കുന്ന പൗരന്‍മാര്‍ അനുവദിക്കില്ലെന്നും ഡോ.തസ്‌ലിം റഹ്മാനി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ് ഡിപിഐ സംസ്ഥാന സമിതി അംഗം അഡ്വ.എ എ റഹിം, എസ് ഡിപിഐ പെരിന്തല്‍മണ്ണ സെക്രട്ടറി മുര്‍ഷിദ് ഷമിം, ലത്തീഫ് എടക്കര പങ്കെടുത്തു.

Next Story

RELATED STORIES

Share it