Kerala

സുപ്രീംകോടതിയിലെ നിലപാടുമാറ്റം: ദേവസ്വം ബോര്‍ഡിനുള്ളില്‍ ഭിന്നത; പത്മകുമാറിനെതിരേയും നീക്കം

ശബരിമല യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനോട് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദീകരണം തേടി.

സുപ്രീംകോടതിയിലെ നിലപാടുമാറ്റം: ദേവസ്വം ബോര്‍ഡിനുള്ളില്‍ ഭിന്നത; പത്മകുമാറിനെതിരേയും നീക്കം
X

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തില്‍ ബോര്‍ഡിനുള്ളില്‍ ഭിന്നത രൂക്ഷമായി. സുപ്രീംകോടതിയിലെ വാദമുഖങ്ങള്‍ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയാതെയാണ് നടന്നതെന്നാണ് സൂചന. വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനോട് വിശദീകരണം നല്‍കാന്‍ പ്രസിഡന്റ് പത്മകുമാര്‍ ആവശ്യപ്പെട്ടു. കേസ് കോടതിയില്‍ വരുന്നതിന്റെ തലേദിവസം ഡല്‍ഹിയില്‍വച്ച് ദേവസ്വം കമ്മീഷണര്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണറോട് ബോര്‍ഡ് പ്രസിഡന്റ് വിശദീകരണം തേടിയത്. സുപ്രീംകോടതിയില്‍ സാവകാശ ഹരജി കൊടുക്കാനാണ് ആവശ്യപ്പെട്ടത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് ദേവസ്വം കമ്മീഷണറുടെ റിപോര്‍ട്ട് ലഭിച്ചതിനുശേഷം പ്രതികരിക്കാമെന്നും പത്മകുമാര്‍ വ്യക്തമാക്കി. രാജിവയ്ക്കുമെന്ന പ്രചാരണം ശരിയല്ല. കാര്യങ്ങളെല്ലാം കാലം തെളിയിക്കും. തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടിയിട്ട് കാര്യമില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദേവസ്വം കമ്മീഷണര്‍ പ്രവര്‍ത്തിച്ചതെന്നുള്ള കാര്യം വ്യക്തമാണ്. സാവകാശ ഹരജി അവതരിപ്പിച്ച്് യുവതീപ്രവേശനം നീട്ടിവയ്ക്കുകയും നിലവിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. എന്നാല്‍, സുപ്രീംകോടതി വിധിയെ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ശക്തമായി പിന്താങ്ങിയതോടെ ഇതിനുള്ള സാധ്യതകള്‍ ഇല്ലാതായി. സാവകാശ ഹരജിയെപ്പറ്റി പരാമര്‍ശിക്കുക കൂടി ചെയ്യാതെ യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച ദേവസ്വം അഭിഭാഷകനെ ആരാണ് അതിന് ചുമതലപ്പെടുത്തിയതെന്നാണ് പത്മകുമാറിന്റെ ചോദ്യം. ദേവസ്വം ബോര്‍ഡ് വിശ്വാസികളെ വഞ്ചിച്ചുവെന്ന രീതിയില്‍ വരുന്ന വിമര്‍ശനങ്ങളില്‍ ബോര്‍ഡ് പ്രസിഡന്റ് അതൃപ്തനാണ്. ഇന്ന് കോട്ടയം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങില്‍ പങ്കെടുക്കേണ്ട അദ്ദേഹം പ്രതിഷേധം ഭയന്ന് യാത്ര മാറ്റിവച്ചിരുന്നു. തന്റെ ഔദ്യോഗിക കാറില്‍ നിന്നും ബോര്‍ഡ് എടുത്തുമാറ്റിയാണ് പത്മകുമാര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്.

അതേസമയം, യുവതീപ്രവേശന വിഷയത്തിലെ പത്മകുമാറിന്റെ നിലപാടുകളില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്. ഈ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നാണ് സൂചന. കാലാവധി കഴിയാത്തതിനാല്‍ സമ്മര്‍ദ്ദം ചെലുത്തി രാജിവയ്പ്പിക്കുകയാണ് ലക്ഷ്യം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായരെ പ്രസിഡന്റ് ആക്കാനാണ് നീക്കം. കാലാവധി തീരുന്ന ദേവസ്വം കമ്മീഷണര്‍ വാസുവിനെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാക്കുകയും ചെയ്യും. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്കിട്ടൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല.


Next Story

RELATED STORIES

Share it