Kerala

കടൽക്ഷോഭം: വലിയതുറയിൽ ഇരുനിലകെട്ടിടം തകർന്നു

അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കടൽക്ഷോഭം: വലിയതുറയിൽ ഇരുനിലകെട്ടിടം തകർന്നു
X
കടൽക്ഷോഭത്തിൽ വലിയതുറയിൽ ഇരുനില കെട്ടിടം തകർന്ന നിലയിൽ

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കൊപ്പം കടൽക്ഷോഭവും ശക്തമായി. കടൽക്ഷോഭത്തിൽ വലിയതുറയിൽ ഇരുനിലകെട്ടിടം കടലിൽ പതിച്ചു. നിരവധി വീടുകൾക്ക് കേടുപാടുണ്ട്. കടലാക്രമണം രൂക്ഷമായതോടെ തീരവാസികൾ ഭീതിയിലാണ്.

ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് താലൂക്ക് തലം മുതല്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദം രൂപ്പെട്ടിരിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ചുഴലിക്കാറ്റായി വടക്ക്- വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ബുധനാഴ്ചയോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെയാകും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രളയസാധ്യത മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം, ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

12ന് മലപ്പുറം ,കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ മഴയും ഇടയ്ക്കിടെ ശക്തമായ മഴയും ലഭിക്കുന്ന രീതിയിൽ അടുത്ത ദിവസങ്ങളിൽ കാലവർഷം കൂടുതൽ സജീവം ആകുമെന്നാണ് വിലയിരുത്തൽ.

ഒരാഴ്ച വൈകി ഇന്നലെയാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ കിട്ടും. എറണാകുളത്തും ആലപ്പുഴയിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. എന്നാല്‍, നാളെയും മറ്റന്നാളും ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും.

Next Story

RELATED STORIES

Share it