Sub Lead

'ബാഗില്‍ കള്ളപ്പണമെന്ന് സംശയം'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ പൊലീസ് റെയിഡ്, സംഘര്‍ഷം

പരിശോധനയില്‍ കള്ളപ്പണം കണ്ടെത്താനായില്ലെന്ന് പോലിസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം.

ബാഗില്‍ കള്ളപ്പണമെന്ന് സംശയം; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ പൊലീസ് റെയിഡ്, സംഘര്‍ഷം
X

പാലക്കാട്: കള്ളപ്പണം കൊണ്ടുവന്നു എന്ന സംശയത്തില്‍ പാലക്കാട്ടെ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പോലിസ് പരിശോധന നടത്തി. വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പൊലീസ് സംഘത്തെ ആദ്യം തടഞ്ഞു മടക്കി അയച്ചെങ്കിലും അരമണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചു പരിശോധന പൂര്‍ത്തിയാക്കി. പരിശോധനയില്‍ കള്ളപ്പണം കണ്ടെത്താനായില്ലെന്ന് പോലിസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം.

പോലിസ് സംഘം ഷാനിമോള്‍ ഉസ്മാന്‍ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പില്ലാതെ കയറിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉദ്യോഗസ്ഥരില്‍ ചിലര്‍ മഫ്തിയിലായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഭയന്ന് മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭര്‍ത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചു. ഇതോടെ മുറികള്‍ പൂട്ടി ഇരുവരും പുറത്ത് ഇറങ്ങി നിന്നു. ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലില്‍ വലിയ സംഘര്‍ഷാവസ്ഥയായി. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. എംപിമാരായ വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും അകത്തേക്കു കയറ്റി വിട്ടില്ല. തുടര്‍ന്നു വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it