Kerala

രണ്ടാം ലോക കേരളസഭ ജനുവരി 2, 3 തിയ്യതികളില്‍ തിരുവനന്തപുരത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന സംഘാടക സമിതിയോഗം പരിപാടിയുടെ വിജയത്തിന് വിവിധ ഉപസമിതികള്‍ രൂപീകരിച്ചു. ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സും തൊഴില്‍മേളയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

രണ്ടാം ലോക കേരളസഭ ജനുവരി 2, 3 തിയ്യതികളില്‍ തിരുവനന്തപുരത്ത്
X

തിരുവനന്തപുരം: ലോക കേരളസഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തിയ്യതികളില്‍ നിയമസഭാ കോംപ്ലക്‌സില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന സംഘാടക സമിതിയോഗം പരിപാടിയുടെ വിജയത്തിന് വിവിധ ഉപസമിതികള്‍ രൂപീകരിച്ചു. ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സും തൊഴില്‍മേളയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 7ന് കൊച്ചിയിലായിരിക്കും പരിപാടി. പ്രവാസി കുടുംബങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ അവരുടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര സെമിനാറുകള്‍ നടത്താനും സംഘാടകസമിതി തീരുമാനിച്ചു.

ലോകകേരള സഭയുടെ മുന്നോടിയായി ഓപണ്‍ ഫോറങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ശില്‍പശാല എന്നിവയുണ്ടാവും. തിരുവനന്തപുരത്ത് പുഷ്‌പ്പോല്‍സവം, ഭക്ഷ്യമേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സമാപനസമ്മേളനം 3ന് വൈകീട്ട് നിശാഗന്ധിയിലായിരിക്കും. പ്രവാസികള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ചെറുകഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയില്‍ മല്‍സരങ്ങളുണ്ടാവും. സഭ നടക്കുമ്പോള്‍ സമ്മേളനവേദിയിലും പുറത്തും കലാപരിപാടികള്‍ നടത്തും. ലോക കേരള സഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്നതിനാല്‍ പകരം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണ്.

പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ പരമാവധി രാജ്യങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രീതിയില്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തി കേരളത്തിലെ യുവജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള വേദിയായി വിദേശതൊഴിലുടമാ സമ്മേളനം മാറണം. ഒന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിച്ച് നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴു വിഷയനിര്‍ണയ സ്റ്റാന്റിങ് കമ്മിറ്റികള്‍ ഒന്നാം ലോക കേരള സഭ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍ ഒന്നൊന്നായി സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it