Kerala

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂരിന് ജാമ്യം

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂരിന് ജാമ്യം
X

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്.

എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. എന്തിനുവേണ്ടിയാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ബോബിക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചു. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചു. പ്രതി കുറ്റകൃത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദശമാകും നല്‍കുകയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതിഭാഗം പറഞ്ഞു. ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. മജിസ്ട്രേറ്റ് കോടതി രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.


Next Story

RELATED STORIES

Share it