Kerala

ശശി തരൂരിനെ തിരുവനന്തപുരത്തെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ഒഴിവാക്കി

എന്നാല്‍ ഇത് വിവാദമായതോടെ താന്‍ എപ്പോഴും ഫലസ്തീനൊപ്പമെന്ന് വിശദീകരിച്ചും തരൂര്‍ രംഗത്തെത്തി.

ശശി തരൂരിനെ തിരുവനന്തപുരത്തെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ഒഴിവാക്കി
X

തിരുവനന്തപുരം: കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന റാലിയില്‍ നിന്നാണ് തരൂരിനെ ഒഴിവാക്കിയത്. തിരുവനന്തപുരം നഗരത്തിലെ 32 മുസ്ലിം ജമാ അത്തുകളുടെ കൂട്ടായ്മാണ് മഹല്ല് എംപവര്‍മെന്റ് മിഷന്‍. തിങ്കളാഴ്ച പാളയത്ത് വെച്ച് നടക്കുന്ന റാലിയുടെ ഉദ്ഘാടകന്‍ ആയിട്ടായിരുന്നു ശശി തരൂരിനെ നിശ്ചയിച്ചിരുന്നത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്‍ശം. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രായേല്‍ അതിന് നല്‍കിയ മറുപടി ഗസയില്‍ ബോംബിട്ടുകൊണ്ടാണ്. അതില്‍ 6000 ല്‍ അധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഇപ്പോഴും ബോംബാക്രമണം നിര്‍ത്തിയിട്ടില്ലെന്നുമായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍. എന്നാല്‍ ഇത് വിവാദമായതോടെ താന്‍ എപ്പോഴും ഫലസ്തീനൊപ്പമെന്ന് വിശദീകരിച്ചും തരൂര്‍ രംഗത്തെത്തി.

താന്‍ എന്നും ഫലസ്തീന്‍ ജനതക്ക് ഒപ്പമാണെന്നും പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് തരൂര്‍ പ്രതികരിച്ചത്. ശശി തരൂരിന്റെ ഹമാസ് ഭീകരര്‍ എന്ന പരാമര്‍ശത്തില്‍ മുസ്ലിം ലീഗില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ പ്രതികരിച്ചത്. ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്നും മുനീര്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയെന്നായിരുന്നു സിപിഐഎം നേതാവ് എം സ്വരാജിന്റെ പ്രതികരണം. ഫലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ ആക്രമണവും ഇസ്രായേലിന്റേത് മറുപടിയുമാണെന്നാണ് തരൂര്‍ പറയുന്നത്. വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്നും ഒക്ടോബര്‍ ഏഴിനല്ല ചരിത്രം ആരംഭിച്ചതെന്ന് അറിയാത്ത ആളല്ല തരൂര്‍ എന്നും എം സ്വരാജ് വിമര്‍ശിച്ചു.






Next Story

RELATED STORIES

Share it