Kerala

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും വിഷപ്പാമ്പ്; ശുചിമുറിയില്‍ കൂറ്റന്‍ അണലി

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും വിഷപ്പാമ്പ്; ശുചിമുറിയില്‍ കൂറ്റന്‍ അണലി
X

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വീണ്ടും വിഷപ്പാമ്പ്. 503-ാം നമ്പര്‍ സ്‌പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ അണലി പാമ്പിനെ കണ്ടത്. ഒരു രോഗി രാവിലെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് വലിയ അണലിയെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നതിനാല്‍ അപകടം ഒഴിവായി.

സെപ്റ്റംബര്‍ 19 ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്നും പുറത്തേക്ക് വന്ന വെള്ളിക്കെട്ടനെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊന്നിരുന്നു. കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ടെത്തിയ മറ്റൊരു പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറുന്നതെന്നാണ് രോഗികളുടെ പരാതി.

മെഡിക്കല്‍ കോളജിനകത്ത് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൈപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി ഇപ്പോള്‍ നടന്നുവരികയാണ്. മാസങ്ങളായി പുറത്ത് കൂട്ടിയിട്ട പൈപ്പുകളില്‍ കയറിക്കൂടുന്ന പാമ്പുകളാണ് ഭീഷണിയായിരിക്കുന്നതെന്നാണ് രോഗികളും ജീവനക്കാരും പറയുന്നത്.





Next Story

RELATED STORIES

Share it