Kerala

രണ്ടരപ്പതിറ്റാണ്ട് മുമ്പ് പിതാവ് ജോലിചെയ്ത സ്ഥാനത്ത് ചുമതലയേറ്റ് മകന്‍

ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസറായിരിക്കെ 1996 നവംബര്‍ ഒന്നിനാണ് യതീന്ദ്രനാഥ് മരിച്ചത്. ആശുപത്രിയിലെ പുതിയ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

രണ്ടരപ്പതിറ്റാണ്ട് മുമ്പ് പിതാവ് ജോലിചെയ്ത സ്ഥാനത്ത് ചുമതലയേറ്റ് മകന്‍
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: രണ്ടരപ്പതിറ്റാണ്ട് മുമ്പ് പിതാവ് ജോലിചെയ്ത സ്ഥാനത്തേക്ക് കസേര നീക്കിയിട്ടിരുന്നപ്പോള്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ക്കൊപ്പം സ്വപ്‌നസാഫല്യത്തിന്റെയും നിറവിലുമായിരുന്നു ഡോക്ടര്‍ സിന്ധുല്‍ യതീന്ദ്രനാഥ്. പെരിന്തല്‍മണ്ണ ഗവ. ആയുര്‍വേദ ആശുപത്രിയിയിലെ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപനവേദിയില്‍ കുഴഞ്ഞുവീണ് മരിച്ച പിതാവിന്റെ പേരിലുള്ള അതേ ബ്ലോക്കിന്റെയടക്കം ചുമതലയേല്‍ക്കുമ്പോള്‍ മനസ്സില്‍ കൊണ്ടുനടന്ന വലിയ ആഗ്രഹത്തിനാണ് പൂര്‍ത്തീകരണമായത്. ആതുരസേവനത്തിനൊപ്പം പെരിന്തല്‍മണ്ണയുടെ സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന ഡോ.എന്‍ എന്‍ യതീന്ദ്രനാഥിന്റെ മകനാണ് ഡോ. സിന്ധുല്‍.

ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസറായിരിക്കെ 1996 നവംബര്‍ ഒന്നിനാണ് യതീന്ദ്രനാഥ് മരിച്ചത്. ആശുപത്രിയിലെ പുതിയ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഐപി ബ്ലോക്ക് കെട്ടിടം അദ്ദേഹത്തിന്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. ഗവ. ആയുര്‍വേദ ആശുപത്രിയിലെ ചാര്‍ജ് മെഡിക്കല്‍ ഓഫിസറായാണ് ഡോ. സിന്ധുല്‍ ചുമതലയേറ്റത്. നിലവില്‍ തുവ്വൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫിസറായ ഇദ്ദേഹത്തിന് ഇവിടെ അധികച്ചുമതലയാണ്. സിന്ധുലിന് പ്രായപൂര്‍ത്തിയായതോടെ 2006ല്‍ ആശ്രിതനിയമനത്തിന് അപേക്ഷിച്ചു.

സ്വപ്‌നത്തിലേക്കുള്ള ആദ്യചുവടായി 2012ല്‍ ബിഎഎംഎസ് നേടി. തൊട്ടടുത്തവര്‍ഷം ആശ്രിതനിയമനത്തിലൂടെ എല്‍ഡി ക്ലാര്‍ക്കായി. 2016ല്‍ ഡോക്ടറായി സര്‍ക്കാര്‍ ജോലിയിലെത്തി. മെഡിക്കല്‍ ഓഫിസറായി വയനാട്ടിലായിരുന്നു നിയമനം. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും പെരിന്തല്‍മണ്ണ ഗവ. സെന്‍ട്രല്‍ എല്‍പി സ്‌കൂളിലെ പ്രഥമാധ്യാപികയുമായിരുന്ന പി സതീദേവിയാണ് മാതാവ്. ഭാര്യ: ശ്രീജ- പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്‌സ് കോളജില്‍ അസി. പ്രഫസറാണ്. മകന്‍: യദ്വിഗ്നാഥ്. മണ്ണാര്‍ക്കാട് ഗവ. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പമീലി സഹോദരിയാണ്.

Next Story

RELATED STORIES

Share it