Kerala

കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമായി കോട്ടയത്ത് പ്രത്യേക കൊവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രം തുറന്നു

അടിയന്തര ഘട്ടങ്ങളില്‍ ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമായി കോട്ടയത്ത് പ്രത്യേക കൊവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രം തുറന്നു
X

കോട്ടയം: ജില്ലയില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പ്രത്യേക കൊവിഡ് പ്രാഥമിക ചികില്‍സാകേന്ദ്രം (സിഎഫ്എല്‍ടിസി) തുറന്നു. ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളജില്‍ ഇന്നലെ തുടങ്ങിയ കേന്ദ്രത്തിലെ രണ്ടുബ്ലോക്കുകളില്‍ ഒന്നാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച കുട്ടികള്‍ക്കും അമ്മമാര്‍ക്കും പൊതുകേന്ദ്രങ്ങളില്‍ താമസിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ സംവിധാനം.

അടിയന്തര ഘട്ടങ്ങളില്‍ ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കു പുറമെ മറ്റു കുടുംബാംഗങ്ങളെയും ചികില്‍സയ്ക്കായി ഇവിടെ പ്രവേശിപ്പിക്കാനാവുമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു. മൂന്നുവയസുള്ള കുട്ടിയെയും അമ്മയെയും രണ്ടുബന്ധുക്കളെയും ശനിയാഴ്ച ഇവിടെ പ്രവേശിപ്പിച്ചു. കുട്ടിക്കും ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അമ്മയ്ക്ക് രോഗമില്ല. ഇതേ സ്ഥാപനത്തിലെ മറ്റൊരു ബ്ലോക്കില്‍ പൊതുചികില്‍സാ കേന്ദ്രവും തുറന്നിട്ടുണ്ട്. ഇതോടെ ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസികളുടെ എണ്ണം ആറായി. രോഗബാധിതരായി ജില്ലയില്‍ ചികില്‍സയിലുള്ള 386 പേരില്‍ 340 പേരും സിഎഫ്എല്‍ടിസികളിലാണ്. സാരമായ രോഗലക്ഷണങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാത്തവരെയാണ് പ്രാഥമികചികില്‍സാ കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it