Kerala

സ്‌പോട്‌സ് ക്വാട്ട: 54 കായികതാരങ്ങള്‍ക്കുകൂടി നിയമനം; പട്ടിക പ്രസിദ്ധീകരിച്ചു

2011-2014 വര്‍ഷത്തെ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് 409 പേരുടെ പട്ടിക 2019 ല്‍ പുറത്തിറക്കിയിരുന്നു. ഒരുവര്‍ഷം 50 പേര്‍ക്കാണ് സ്‌പോട്‌സ് ക്വാട്ട നിയമനം നല്‍കുന്നത്.

സ്‌പോട്‌സ് ക്വാട്ട: 54 കായികതാരങ്ങള്‍ക്കുകൂടി നിയമനം; പട്ടിക പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: സ്‌പോട്‌സ് ക്വാട്ട പ്രകാരം 54 കായികതാരങ്ങളെക്കൂടി നിയമിക്കാനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. 2011- 2014 കാലയളവിലെ ഒഴിവ് വന്ന തസ്തികകളിലേക്കുള്ള നിയമനമാണ് നടത്തുന്നത്. ഈ കാലയളവില്‍ 195 കായികതാരങ്ങള്‍ക്ക് 2019 ഡിസംബറില്‍ നിയമനം നല്‍കിയിരുന്നു. നിയമന ശുപാര്‍ശകള്‍ ഉടന്‍ അയച്ചുതുടങ്ങും.

കഴിഞ്ഞയാഴ്ച പോലിസില്‍ 58 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കിയിരുന്നു. ഇതോടെ ഈ സര്‍ക്കാര്‍ വന്ന ശേഷം നിയമനം ലഭിച്ച കായികതാരങ്ങളുടെ എണ്ണം 498 ആയി. പൊതുഭരണവകുപ്പ് പുറത്തിറക്കിയ പുതിയ പട്ടികയില്‍നിന്ന് നിയമനം നടക്കുന്നതോടെ ആകെ നിയമനം ലഭിച്ചവരുടെ എണ്ണം 552 ആവും. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം ആകെ 110 കായികതാരങ്ങള്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.

2011-2014 വര്‍ഷത്തെ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് 409 പേരുടെ പട്ടിക 2019 ല്‍ പുറത്തിറക്കിയിരുന്നു. ഒരുവര്‍ഷം 50 പേര്‍ക്കാണ് സ്‌പോട്‌സ് ക്വാട്ട നിയമനം നല്‍കുന്നത്. ഈ പട്ടികയില്‍നിന്നാണ് 195 പേര്‍ക്ക് ആദ്യം നിയമനം നല്‍കിയത്. ഒരാള്‍ക്ക് പ്രത്യേക പരിഗണനയില്‍ നേരത്തെ ജോലി നല്‍കി. ബാക്കിവരുന്ന ഒഴിവുകളിലെ നിയമനത്തിനാണ് 54 പേരുടെ പുതിയ പട്ടിക. 2011 ല്‍ 8 പേരും 2012ല്‍ 14, 2013ല്‍ 20, 2014ല്‍ 44 എന്നിങ്ങനെയാണ് നിലവില്‍ പുറത്തിറക്കിയ പട്ടികയിലുള്ളവരുടെ എണ്ണം.

2011 മുതല്‍ 14 വരെയുള്ള ഓരോ വര്‍ഷവും അവശേഷിക്കുന്ന ഒഴിവുകളിലേക്ക് ഈ പട്ടികയില്‍നിന്ന് നിയമനം നടത്തും. 2015 മുതല്‍ 2019 വരെയുള്ള കാലയളവിലെ 250 കായികതാരങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. 35ാം ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം നേട്ടക്കാരായ 83 പേരുടെ നിയമനത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it