- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കന്യാസ്ത്രീമഠത്തില് വിദ്യാര്ഥിനിയുടെ മരണം: മഠങ്ങള്ക്കും സഭാനേതൃത്വത്തിനുമെതിരേ സിസ്റ്റര് ലൂസി കളപ്പുരയ്ക്കല്
ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാനെന്ന് സിസ്റ്റര് ലൂസി ചോദിക്കുന്നു. 1987 മുതല് കന്യാസ്ത്രീമഠങ്ങളില് നടന്ന ദുരൂഹമരണങ്ങളുടെ പട്ടിക സഹിതമാണ് സിസ്റ്റര് ലൂസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
കോട്ടയം: തിരുവല്ലയിലെ മഠത്തില് സന്യാസിനി വിദ്യാര്ഥിനിയെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് മഠങ്ങള്ക്കും സഭാനേതൃത്വത്തിനുമെതിരേ രൂക്ഷവിമര്ശനങ്ങളുമായി സിസ്റ്റര് ലൂസി കളപ്പുരയ്ക്കല് രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് ലൂസി കളപ്പുരയ്ക്കല് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫ്രാന്സിസ്കന് ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് അംഗമായ ലൂസി, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില് പങ്കെടുത്തതിനും പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ചതിനുമാണ് സഭയുടെ ഭാഗത്തുനിന്ന് അച്ചടക്കനടപടികള്ക്ക് ഇരയായത്.
ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാനെന്ന് സിസ്റ്റര് ലൂസി ചോദിക്കുന്നു. 1987 മുതല് കന്യാസ്ത്രീമഠങ്ങളില് നടന്ന ദുരൂഹമരണങ്ങളുടെ പട്ടിക സഹിതമാണ് സിസ്റ്റര് ലൂസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കന്യാസ്ത്രീ മരണങ്ങളൊന്നും വാര്ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോള്. ഇത്തവണയെങ്കിലും പോലിസ് പഴുതുകളടച്ചു അന്വേഷിക്കുമെന്ന് കരുതാമോയെന്ന ചോദ്യമാണ് അവര് ഉയര്ത്തുന്നത്.
സിസ്റ്റര് ലൂസി കളപ്പുരയ്ക്കലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം:
വളരെ വേദനയോടെ ആണ് ഈ വരികള് എഴുതുന്നത്...
കഴിഞ്ഞ അഞ്ചുവര്ഷങ്ങളായി സന്ന്യാസിനി വിദ്യാര്ഥിനിയായി കന്യാമഠത്തിനുള്ളില് കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെണ്കുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളില് പ്രാണവായു കിട്ടാതെ പിടഞ്ഞുതീര്ന്ന വാര്ത്തയാണ് (7/5/2020) ന് കേള്ക്കേണ്ടിവന്നത്. വെറും 21 വയസ് മാത്രമാണ് മരിക്കുമ്പോള് ആ പാവം പെണ്കുരുന്നിന്റെ പ്രായം. ജീവിതം മുഴുവന് ബാക്കികിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ദിവ്യയുടെ മാതാപിതാക്കന്മാര് ജീവിതകാലം മുഴുവന് നീതികിട്ടാതെ അലയുന്ന കാഴ്ചകൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലിസ് പഴുതുകള് അടച്ച് അന്വേഷിക്കുമെന്ന് കരുതാമോ?
പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്ത്രീ മരണങ്ങളൊന്നും വാര്ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോള്. കന്യാസ്ത്രീ മഠങ്ങള്ക്കുള്ളില് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാര്ത്തകള് ബധിരകര്ണങ്ങളില് ആവര്ത്തിച്ചാവര്ത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞുകലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമര്ത്തലുകളും ഭയപ്പാടുകളും കടിച്ചമര്ത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിതകഥ. കഴിഞ്ഞ 35 വര്ഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയില് എനിക്ക് നേരിട്ട് കാണാനും കേള്ക്കാനുമിടയായ സംഭവങ്ങളുടെ എണ്ണം പോലും എത്രയധികമാണ്. ജീവനറ്റ നിലയില് കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്രവലുതാണെന്നു കാണുമ്പോള് ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.
1987: മഠത്തിലെ വാട്ടര് ടാങ്കില് മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് ലിന്ഡ
1990: കൊല്ലം തില്ലേരിയില് കൊല്ലപ്പെട്ട സിസ്റ്റര് മഗ്ദേല
1992: പയസ് ടെന്ത് കോണ്വെന്റിലെ കിണറ്റില് മരിച്ചനിലയില് കണ്ടെത്തിയ സിസ്റ്റര് അഭയ
1993: കൊട്ടിയത്ത് മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് മേഴ്സി
1994: പുല്പള്ളി മരകാവ് കോണ്വെന്റിലെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് ആനീസ്
1998: പാലാ കോണ്വെന്റില് വച്ച് കൊല്ലപ്പെട്ട സിസ്റ്റര് ബിന്സി
1998: കോഴിക്കോട് കല്ലുരുട്ടി കോണ്വെന്റിലെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് ജ്യോതിസ്
2000: പാലാ സ്നേഹഗിരി മഠത്തില് കൊല്ലപ്പെട്ട സിസ്റ്റര് പോള്സി
2006: റാന്നിയിലെ മഠത്തില് കൊല്ലപ്പെട്ട സിസ്റ്റര് ആന്സി വര്ഗീസ്
2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര് ലിസ
2008: കൊല്ലത്ത് മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് അനുപ മരിയ
2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്വെന്റിലെ ജലസംഭരണിയില് മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് മേരി ആന്സി
2015 സപ്തംബര്: പാലായിലെ ലിസ്യൂ കോണ്വെന്റില് തലയ്ക്കടിയേറ്റു മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് അമല
2015 ഡിസംബര്: വാഗമണ് ഉളുപ്പുണി കോണ്വെന്റിലെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സിസ്റ്റര് ലിസ മരിയ
2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര് കോണ്വെന്റെിലെ കിണറ്റില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സിസ്റ്റര് സൂസന് മാത്യു.
ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി...
ഈ കേസുകളില് തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തില് കുറ്റവാളികള് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകള് അപ്രത്യക്ഷമാവുന്നതും, സാക്ഷികള് കൂറുമാറുന്നതും, കൊല്ലപ്പെട്ട പാവം സ്ത്രീയുടെ മേല് സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നതും, അതും പോരെങ്കില് മനോരോഗാശുപത്രിയില് ചികില്സ തേടിയതിന്റെ രേഖകള് ഹാജരാക്കപ്പെടുന്നതുമൊക്കെയുള്ള നാടകങ്ങള് എത്രതവണ കണ്ടുകഴിഞ്ഞതാണ് നമ്മളൊക്കെ.
ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാന്? ഈ കന്യാസ്ത്രീ വസ്ത്രങ്ങള്ക്കുള്ളിലുള്ളതും നിങ്ങളെയൊക്കെപ്പോലെ തന്നെയുള്ള സാധാരണ മനുഷ്യര് തന്നെയാണ്. കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരുകൂട്ടം പാവം സ്ത്രീകള്. പുലര്ച്ച മുതല് പാതിരാവരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമര്ത്തിയും മനസുതകര്ത്താലും, പാതിരാത്രിയില് ഏതെങ്കിലും നരാധമന്റെ കിടപ്പുമുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവില് പച്ചജീവനോടെ കിണറ്റില് മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങള്ക്ക്. എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചുപറയാന് തയ്യാറായാല് അവരെ ജീവനോടെ കത്തിക്കാന് പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം.
പക്ഷേ, ഇനിയുമിത് കണ്ടുനില്ക്കാന് കഴിയില്ല. ലോകത്തിനുവേണ്ടി സ്വന്തം ജീവിതം സമര്പ്പിക്കാന് തയ്യാറായിത്തന്നെയാണ് നിത്യവ്രതമെടുത്ത് ഒരു സന്ന്യാസിനിയായത്. സത്യങ്ങള് വിളിച്ചുപറയുന്നു എന്ന ഒറ്റകാരണംകൊണ്ട് ഈ ജീവന് കൂടിയങ്ങ് പോയാല് അതാണ് എന്റെ നിയോഗമെന്ന് കരുതും ഞാന്. പക്ഷേ ഇനിയുമിതെല്ലാം കണ്ടുംകേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാന് സാധ്യമല്ല.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT