Kerala

സ്വപ്‌ന സുരേഷുമായി യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലുള്ള പരിചയം മാത്രം: സ്പീക്കര്‍

ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്വപ്‌ന സുരേഷുമായി ഒരു അപരിചിതത്വവുമില്ല. കറയുള്ള കണ്ണുകൊണ്ട് നോക്കുന്നവര്‍ക്ക് പലതും തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌ന സുരേഷുമായി യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലുള്ള പരിചയം മാത്രം: സ്പീക്കര്‍
X

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയില്‍ മാത്രമാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തിയെന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് സെക്രട്ടറിയെന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷച്ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥയെന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയമെന്ന് ആരോപണങ്ങള്‍ക്കുള്ള മറുപടിയായി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് അവര്‍ തന്നെ ക്ഷണിച്ചിരുന്നു. അവരുടെ ബന്ധുവിന്റെ കടയെന്നു പറഞ്ഞാണ് ക്ഷണിച്ചത്. വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ഉദ്ഘാടനച്ചടങ്ങിന് പോയത്. ഇതിന് ഇപ്പോഴത്തെ സംഭവവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. ഇത്തരത്തില്‍ ആരോപണങ്ങളുന്നയിക്കുന്നത് യുക്തിരഹിതമാണ്.

ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്വപ്‌ന സുരേഷുമായി ഒരു അപരിചിതത്വവുമില്ല. കറയുള്ള കണ്ണുകൊണ്ട് നോക്കുന്നവര്‍ക്ക് പലതും തോന്നുമെന്നും അദ്ദേഹം പറഞ്ഞു. പത്തുവയസ് മുതല്‍ വിദ്യാര്‍ഥി യുവജനപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന ആളാണ് താന്‍. ഏതുകാലത്താണ് നമ്മള്‍ ജീവിക്കുന്നത്.

ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ എന്നും ശ്രീരാമകൃഷ്ണന്‍ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് പോലുള്ള സംഭവങ്ങളുണ്ടെന്ന് അറിയില്ലായിരുന്നു. സാധാരണഗതിയില്‍ ഒരു ഡിപ്ലോമാറ്റിന്റെ പശ്ചാത്തലം ആരും അന്വേഷിക്കാറില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം അടക്കം എല്ലാ തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it