Kerala

കള്ളുഷാപ്പുകള്‍ ഇന്ന് തുറക്കും; മദ്യത്തിന്റെ കാര്യത്തിലും ഇന്ന് തീരുമാനം

ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കുന്നതിനോ അനുമതിയുണ്ടാകില്ല.

കള്ളുഷാപ്പുകള്‍ ഇന്ന് തുറക്കും; മദ്യത്തിന്റെ കാര്യത്തിലും ഇന്ന് തീരുമാനം
X

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ക്കു വിധേയമായി സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ഇന്ന് തുറക്കും. അതേസമയം, മദ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനമുണ്ടായേക്കും. മദ്യവിലയിൽ വർധനവിനും സാധ്യതയുണ്ട്. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കുന്നതിനോ അനുമതിയുണ്ടാകില്ല. ഒരാള്‍ക്ക് പരമാവധി ഒന്നര ലിറ്റര്‍ കള്ള് മാത്രമേ പാഴ്‌സലായി നല്‍കുകയുള്ളൂ. അഞ്ച് പേരെ മാത്രമേ ഒരേ സമയം ക്യൂവില്‍ നില്‍ക്കാന്‍ അനുവദിക്കൂ. സാമൂഹിക അകലം കൃത്യമായി പാലിക്കണം.

ഷാപ്പ് ജീവനക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കള്ള് കൊണ്ടുവരുന്ന വാഹനവും ഷാപ്പും പരിസരവും അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കണം. രാവിലെ 9 മുതല്‍ രാത്രി 7 വരെയാണ് പ്രവര്‍ത്തന സമയം.കള്ളു വാങ്ങേണ്ടവര്‍ കുപ്പിയുമായി വരണം.സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ കള്ളുഷാപ്പുകളില്‍ ഭക്ഷണം അനുവദിക്കില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ അനുവദിക്കാവൂ. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

3590 കള്ളുഷാപ്പുകളാണ് സംസ്ഥാനത്ത് ഉള്ളത്. കള്ളുഷാപ്പുകളില്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് കര്‍ശന നിരീക്ഷണം നടത്തണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്നും മറ്റ് ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണു ശിപാര്‍ശ. അങ്ങനെവന്നാല്‍ കുപ്പിക്ക് 50 രൂപ വരെ വില വര്‍ധിക്കാനിടയുണ്ട്. മദ്യശാലകള്‍ തുറക്കുന്നതിനൊപ്പം ബാറുകളിലും ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യം കുപ്പിയായി വില്‍ക്കാനും അനുമതി നല്‍കിയേക്കും.

സംസ്ഥാനത്ത് 265 ബെവ്കോ ഔട്ട്ലെറ്റുകള്‍, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍, 605 ബാറുകള്‍, 339 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയാണുള്ളത്. ഇവയിലെ രണ്ടു കൗണ്ടറുകളില്‍ കൂടി മദ്യം വില്‍ക്കുമ്പോള്‍ ഒരേസമയം രണ്ടായിരത്തിലേറെ കൗണ്ടറുകളില്‍നിന്നു മദ്യം പാഴ്സലായി ലഭിക്കും. ഓണ്‍ലൈന്‍ ബുക്കിങ് എന്നുള്ള പോലിസ് മേധാവിയുടെ ശിപാര്‍ശയും സര്‍ക്കാര്‍ പരിഗണനയിലാണ്. ടോക്കണ്‍ ഏര്‍പ്പെടുത്താനുള്ള ബെവ്കോയുടെ മൊബൈല്‍ ആപ്പിന്റെ കാര്യത്തിലും തീരുമാനമെടുക്കും.

Next Story

RELATED STORIES

Share it