Kerala

ദമ്പതികളോട് അപമര്യാദയായി പെരുമാറി, അകാരണമായി ബുദ്ധിമുട്ടിച്ചു; ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫിസ് ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

പലതവണയായി മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് അപേക്ഷകനെ മടക്കി അയച്ചു. വരാന്‍ പറയുന്ന ദിവസങ്ങളില്‍ ക്ലര്‍ക്ക് സീറ്റിലും ഓഫിസിലുമുണ്ടാവാറില്ല. നേരിട്ടുകണ്ടപ്പോള്‍ വൈകിയെന്ന കാരണം പറഞ്ഞ് അപേക്ഷ കൈപ്പറ്റാന്‍ വിസമ്മതിക്കുകയായിരുന്നു.

ദമ്പതികളോട് അപമര്യാദയായി പെരുമാറി, അകാരണമായി ബുദ്ധിമുട്ടിച്ചു; ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫിസ് ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍
X

ആലപ്പുഴ: വിവാഹരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷയുമായെത്തിയ വധൂവരന്‍മാരോട് അപമര്യാദയായി പെരുമാറുകയും യഥാസമയം അപേക്ഷ തീര്‍പ്പാക്കാതെ അകാരണമായി ബുദ്ധിമുട്ടിക്കുകയും ചെയ്ത ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫിസിലെ സെക്ഷന്‍ ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു. വകുപ്പുമന്ത്രി ജി സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരാതിക്കിടയായ സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം 24 മണിക്കൂറിനകമാണ് ക്ലര്‍ക്ക് ഷാജിയെ സസ്‌പെന്റ് ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ ബാറിലെ അഭിഭാഷകനായ ജീവനും അഭിഭാഷകയായ റെയ്‌നി എം കുര്യാക്കോസും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്നതിലേക്കായി ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫിസിലെ മാര്യേജ് ഓഫിസര്‍ മുമ്പാകെ 2020 ജൂണ്‍ 22ന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷയുടെ പ്രിന്റ് എടുത്ത് ഫോട്ടോയെടുത്ത് ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ അസ്സല്‍രേഖ ഹാജരാക്കാന്‍ ഓഫിസിലെത്തിയ അപേക്ഷകരോട് സെക്ഷന്‍ ക്ലര്‍ക്ക് ഷാജി അപമര്യാദയായി പെരുമാറുകയും ഇവരെ അകാരണമായി ബുദ്ധിമുട്ടിക്കുകയും ചെയ്തുവെന്നാണ് പരാതി ലഭിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.

പലതവണയായി മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് അപേക്ഷകനെ മടക്കി അയച്ചു. വരാന്‍ പറയുന്ന ദിവസങ്ങളില്‍ ക്ലര്‍ക്ക് സീറ്റിലും ഓഫിസിലുമുണ്ടാവാറില്ല. നേരിട്ടുകണ്ടപ്പോള്‍ വൈകിയെന്ന കാരണം പറഞ്ഞ് അപേക്ഷ കൈപ്പറ്റാന്‍ വിസമ്മതിക്കുകയായിരുന്നു. പല അവധികള്‍ക്കുശേഷം ക്ലര്‍ക്ക് നിര്‍ദേശിച്ച ജൂലൈ 27ന് വധൂവരന്‍മാര്‍ മൂന്ന് സാക്ഷികള്‍ക്കൊപ്പം രാവിലെ 10 മണിക്ക് ഓഫിസില്‍ ചെന്നു. എന്നാല്‍, അവരെ വൈകീട്ടുവരെ കാത്തുനിര്‍ത്തിയിട്ട് അവസാനം അന്നേ ദിവസം രജിസ്‌ട്രേഷന്‍ നടക്കില്ലെന്ന് പറയുകയാണുണ്ടായത്.

28, 29 തിയ്യതികളിലും ഇത്തരത്തില്‍ വധൂവരന്‍മാരെയും സാക്ഷികളെയും ക്ലര്‍ക്ക് മടക്കി അയച്ചു. ഒടുവില്‍ ജൂലൈ 30 നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാനായതെന്ന് പരാതിയില്‍ പറയുന്നു. മാര്യേജ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പല തവണ ദമ്പതികളെ ക്ലര്‍ക്ക് വട്ടംകറക്കി. ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിച്ചതിനാലാണ് ഈ ദുരനുഭവമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തിവരുമ്പോള്‍ അപൂര്‍വം ചില ജീവനക്കാര്‍ വകുപ്പിന്റെ മുന്നേറ്റത്തെ തമസ്‌കരിക്കണമെന്ന നിര്‍ബന്ധത്തോടെയും കൈക്കൂലിയെന്ന ചീഞ്ഞളിഞ്ഞ സംസ്‌കാരത്തില്‍നിന്നും ഇനിയും പുറത്തുകടക്കാതെയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ഇത്തരക്കാര്‍ ഇടതുസര്‍ക്കാരില്‍നിന്ന് യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, സത്യസന്ധതയോടെ ജോലിചെയ്യുന്നവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദമ്പതികള്‍ക്കുണ്ടായ ദുരനുഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. സബി രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് മോശം അനുഭവമുണ്ടായ ജീവന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ പ്രഫ.ജി ബാലചന്ദ്രന്റെയും പ്രഫ. ഇന്ദിരാ ബാലചന്ദ്രന്റെയും മകനും ഐ ബി റാണി ഐപിഎസ്സിന്റെ സഹോദരനുമാണ്.

Next Story

RELATED STORIES

Share it