Kerala

സ്വര്‍ണക്കടത്ത്: സന്ദീപും സ്വപ്‌നയും റിമാന്റില്‍; കസ്റ്റംസ് അറസ്റ്റ് രേഖപെടുത്തി

അടുത്ത മാസം 21 വരെയാണ് ഇരുവരെയും റിമാന്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ പി എസ് സരിത്തിനെ അടുത്ത മാസം 21 വരെ ഇന്ന് രാവിലെ റിമാന്റു ചെയ്തിരുന്നു. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് മൂവരെയും റിമാന്റു ചെയ്തത്.മൂന്നു പേരുടെയും കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്

സ്വര്‍ണക്കടത്ത്: സന്ദീപും സ്വപ്‌നയും റിമാന്റില്‍; കസ്റ്റംസ് അറസ്റ്റ് രേഖപെടുത്തി
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപരും വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവരെ കോടതി റിമാന്റു ചെയ്തു. അടുത്ത മാസം 21 വരെയാണ് ഇരുവരെയും റിമാന്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ പി എസ് സരിത്തിനെ അടുത്ത മാസം 21 വരെ ഇന്ന് രാവിലെ റിമാന്റു ചെയ്തിരുന്നു. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് മൂവരെയും റിമാന്റു ചെയ്തത്.മൂന്നു പേരുടെയും കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.സ്വപ്‌നയും സന്ദീപും സമര്‍പ്പിച്ച ജാമ്യ ഹരജി പരിഗണിക്കുന്നത് എന്‍ ഐ എ കോടതി മാറ്റി വെച്ചു. ബുധനാഴ്ചത്തേക്കാണ് ഇവരുടെ ജാമ്യ ഹരജി പരിഗണിക്കാന്‍ മാറ്റിയത്.

അതിനിടയില്‍ സ്വപ്‌നയുടെയും സന്ദീപിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപെടുത്തി. എന്‍ ഐ എ കസ്റ്റഡിയിലായിരുന്ന പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് കസ്റ്റംസ് ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തിയത്.കേസില്‍ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വെച്ച് ഇന്ന് രാവിലെ കോടതിയുടെ അനുമതിയോടെ കസ്റ്റംസ് ഇരുവരെയും ചോദ്യം ചെയ്തിരുന്നു.സന്ദീപിനെയും സ്വപ്‌നയെയും എന്‍ ഐ അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയായിരുന്നതിനാല്‍ കേസില്‍ കസ്റ്റംസിന് ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ സാധിച്ചിരുന്നില്ല.ആദ്യം ഏഴു ദിവസമായിരുന്ന എന്‍ ഐ എയ്ക്ക് കോടതി ഇവരുടെ കസ്റ്റഡി അനുവദിച്ചിരുന്നത്. തുടര്‍ന്ന് ഇവരെ ഹാജരാക്കിയപ്പോള്‍ വീണ്ടും നാലു ദിവസത്തേയക്ക് കൂടി എന്‍ ഐ എ എയുടെ ആവശ്യപ്രകാരം ഇവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയതോടെയാണ് കസ്റ്റംസിന് ഇവരെ ചോദ്യം ചെയ്യുന്നതിന് കാലതാമസം നേരിട്ടത്.

തുടര്‍ന്ന് എന്‍ ഐ എ കസ്റ്റഡിയില്‍ വെച്ചു തന്നെ ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതു പ്രകാരം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തത്.കേസില്‍ കസ്റ്റംസ് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ കസ്റ്റംസ് അപേക്ഷ സമര്‍പിക്കും.സന്ദീപിനും സ്വപ്‌നയ്ക്കുമൊപ്പം സരിത്തിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. നേരത്തെ അറസ്റ്റിലായ സരിത്തിനെ കസ്റ്റംസ്് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുടുതല്‍ വിവര ശേഖരണത്തിനായി സ്വപ്‌നയക്കും സന്ദീപിനുമൊപ്പം സരിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍

Next Story

RELATED STORIES

Share it