Kerala

സ്വര്‍ണക്കടത്ത്: പ്രതി റബിന്‍സ് എന്‍ ഐ എ കസ്റ്റഡിയില്‍

കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് റബിന്‍സിനെ ഏഴു ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടത്.റബിന്‍സില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ ശാസത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം സിഡാക്കിന് കൈമാറി.സ്വര്‍ണക്കടത്തിനായി റബിന്‍സ് പണം നിക്ഷേപിച്ചിരുന്നുവെന്നും എന്‍ ഐ എ കോടതിയില്‍ ചൂണ്ടിക്കാട്ടി

സ്വര്‍ണക്കടത്ത്: പ്രതി റബിന്‍സ് എന്‍ ഐ എ കസ്റ്റഡിയില്‍
X

കൊച്ചി:ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ഇന്നലെ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച് അറസ്റ്റു ചെയ്ത് പത്താം പ്രതി റബിന്‍സ് ഹമീദിനെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് റബിന്‍സിനെ ഏഴു ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടത്. റബിന്‍സ് സ്വര്‍ണ്ണക്കടത്തിനായി കൂട്ടു പ്രതികളായ ഫൈസല്‍ ഫരീദ്,കെ ടി റമീസ്,ജലാല്‍,മുഹമ്മദ് ഷാഫി,പി ടി അബ്ദു, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി, സിദ്ദീഖുല്‍ അക്ബര്‍ അടക്കമുള്ളവരുമായി ഗൂഡാലോചന നടത്തിയതായി എന്‍ ഐ എ ചൂണ്ടിക്കാട്ടി.ഡിപ്ലോമാറ്റിക് ബാഗിലൂടെ ദുബായില്‍ നിന്നും സ്വര്‍ണക്കടത്തിനായി റബിന്‍സ് പണം നിക്ഷേപിച്ചിരുന്നുവെന്നും എന്‍ ഐ എ ചൂണ്ടിക്കാട്ടി.

നേരത്തെയും പലതവണ റബിന്‍സ് സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായും എന്‍ ഐ എ കോടതിയെ അറിയിച്ചു.റബിന്‍സ് ഉള്‍പ്പെടെ കേസിലുള്ള പ്രതികള്‍ വന്‍ തോതില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ പ്രത്യേകിച്ച് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കി.സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്വര്‍ണ്ണക്കടത്തിന് ആസൂത്രണം നടത്തിയത്.കേസുമായി ബന്ധപ്പെട്ട് റബിന്‍സിനെ യുഎഇ പോലിസ് ജുലൈയില്‍ അറസ്റ്റു ചെയ്ത് ജയിലിലാക്കിയിരുന്നു.ഈ മാസം 25 വരെയാണ് ദുബായില്‍ ജയിലില്‍ കഴിഞ്ഞത്.സ്വര്‍ണക്കടത്തിനായി ഇയാള്‍ ഉപയോഗിച്ച മറ്റു മൊബൈല്‍ ഫോണുകളെക്കുറിച്ചോ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംബന്ധിച്ചോ ഒന്നും പറയാന്‍ തയാറാകുന്നില്ലെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുളളവരെക്കുറിച്ച് കുടുതല്‍ വ്യക്തമാക്കാന്‍ ഇയാള്‍ തയാറാകുന്നില്ലെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.സ്വര്‍ണക്കടത്തിന് തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കുറ്റകൃത്യത്തിനു പിന്നില്‍ ഇന്ത്യയിലുള്ളവരെക്കൂടാതെ വിദേശത്തുള്ളവര്‍ക്കും പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്.സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും എന്‍ ഐ എ ചൂണ്ടിക്കാട്ടി.യുഎഇ കേന്ദ്രീകരിച്ച് നടത്തിയ സ്വര്‍ണക്കടത്തിന് ഫണ്ട് ശേഖരണത്തിന് അടക്കം ചുക്കാന്‍ പിടിച്ചത് റബിന്‍സാണെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.

റബിന്‍സില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ ശാസത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം സിഡാക്കിന് കൈമാറിയതായും എന്‍ ഐ എ അറിയിച്ചു.വിദേശ ബന്ധം അടക്കമുള്ള കേസായതിനാല്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.ഏഴു ദിവസത്തെ കസ്റ്റഡിയാണ് എന്‍ ഐ എ ആവശ്യപ്പെട്ടത്.തുടര്‍ന്ന് എന്‍ ഐ എയുടെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. റബിന്‍സിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

Next Story

RELATED STORIES

Share it