Kerala

ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; യുവാക്കള്‍ പിടിയില്‍

തിരുവല്ല സ്വദേശി റോഷന്‍ (24), ചങ്ങനാശ്ശേരി സ്വദേശി ഷാരോണ്‍ (21) എന്നിവരാണ് ചേര്‍ത്തല പോലിസിന്റെ പിടിയിലായത്.

ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; യുവാക്കള്‍ പിടിയില്‍
X

ആലപ്പുഴ: ബംഗളൂരുവില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കള്‍ പിടിയില്‍ . തിരുവല്ല സ്വദേശി റോഷന്‍ (24), ചങ്ങനാശ്ശേരി സ്വദേശി ഷാരോണ്‍ (21) എന്നിവരാണ് ചേര്‍ത്തല പോലിസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ ബം​ഗളൂരുവില്‍ നിന്നും കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ദീര്‍ഘദൂര ബസില്‍ നിന്നാണ് ഇരുവരും പിടിയിലായത്. യാത്രക്കിടെ യുവാക്കള്‍ ബസിലുണ്ടായിരുന്ന ചില യാത്രക്കാരുമായി വാക്കേറ്റമുണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ ബസ് ചേര്‍ത്തല പോലിസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു.

യാത്രക്കാരുമായി പ്രശ്‌നമുണ്ടാക്കിയ റോഷനെയും ഷാരോണിനെയും ചോദ്യം ചെയ്യുന്നതിനിടെ സംശയം തോന്നി പോലിസ് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് 34 ഗ്രാം എംഡിഎംഎ ലഭിച്ചത്. ഇരുവരും ചേര്‍ന്ന് ഇതു കേരളത്തില്‍ വില്‍പനക്കെത്തിച്ചതാണെന്ന് പോലിസ് പറഞ്ഞു. മൂന്നു ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.

തിരുവല്ലയില്‍ 15 ഓളം കേസുകളില്‍ പ്രതിയായ റോഷനെ കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയില്‍ നിന്നും നാടുകടത്തിയിരിക്കുകയായിരുന്നു. ഷാരോണിനെതിരേയും നേരത്തെ മയക്കുമരുന്ന കേസുകള്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു. ഇരുവരും 15 ദിവസങ്ങള്‍ക്കു മുമ്പാണ് ബംഗളൂരുവിലേക്കു തിരിച്ചത്.

പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇരുവരിലൂടെ ബം​ഗളൂരുവിലെ എംഡിഎംഎയുടെ വേരുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.

Next Story

RELATED STORIES

Share it