Sub Lead

നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്; ഒത്തുതീർപ്പിനില്ലെന്ന് മാണിവിഭാഗം: പ്രതിസന്ധിയിലായി യുഡിഎഫ് നേതൃത്വം

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെടണമെന്നും ഇടുക്കി, കോട്ടയം സീറ്റുകള്‍ വെച്ചു മാറണമെന്നും പി ജെ ജോസഫ് നേതാക്കളോട് ആവശ്യപ്പെട്ടു. കോട്ടയം സീറ്റിൽ കീഴടങ്ങി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് മാണി വിഭാഗവും വ്യക്തമാക്കി.

നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്; ഒത്തുതീർപ്പിനില്ലെന്ന് മാണിവിഭാഗം: പ്രതിസന്ധിയിലായി യുഡിഎഫ് നേതൃത്വം
X

തിരുവനന്തപുരം: കോട്ടയം ലോക്സഭാ സീറ്റിലെ സ്ഥാനാർഥി നിർണയത്തെ തുടർന്ന് കേരളാ കോൺഗ്രസ് - എമ്മിൽ ഉടലെടുത്ത ഭിന്നത കൂടുതൽ രൂക്ഷതയിലേക്ക്. പി ജെ ജോസഫ് വിഭാഗവും മാണി വിഭാഗവും നിലപാടിലുറച്ച് നിന്നതോടെ പ്രശ്ന പരിഹാരത്തിന് ഇടപെട്ട യുഡിഎഫ് നേതൃത്വവും പ്രതിസന്ധിയിലായി. ഏകപക്ഷീയമായി മാണി വിഭാഗം പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ചില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോവേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി നടന്ന കൂടിക്കാഴ്ചയിൽ പി ജെ ജോസഫ് അറിയിച്ചു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും നീതി കിട്ടിയില്ല. ഇനി കെ എം മാണിയോട് യോജിച്ചു പോകാനാവില്ല. യുഡിഎഫ് വിടില്ലെന്നും ജോസഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെടണമെന്നും ഇടുക്കി, കോട്ടയം സീറ്റുകള്‍ വെച്ചു മാറണമെന്നും ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫിനൊപ്പം ഉറച്ചുനിന്ന തനിക്ക് പിന്തുണ നൽകാൻ നേതൃത്വം തയ്യാറാവണം. കെ എം മാണിയുടേയും മകൻ്റേയും ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നത്. ഇതിന് യുഡിഎഫ് വഴങ്ങരുതെന്നും ജോസഫ് അറിയിച്ചു.

അതേസമയം, കോട്ടയം സീറ്റിൽ കീഴടങ്ങി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് മാണി വിഭാഗം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. പ്രചാരണം ശക്തമാക്കാൻ തോമസ്ചാഴിക്കാടന് കെ എം മാണി നിർദ്ദേശം നൽകി. കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ തന്നെയാണെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. സ്ഥാനാർഥി മാറ്റം ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് - ജോസഫ് കരുനീക്കങ്ങളിലുള്ള അതൃപ്തിയും മാണി വിഭാഗം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. എന്തു വന്നാലും കോട്ടയത്തെ സ്ഥാനാർഥിയെ പിൻവലിക്കുന്ന പ്രശ്നമില്ലെന്നും മാണി വിഭാഗം വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കെ പ്രശ്‌നപരിഹാരത്തിനായി യുഡിഎഫ് നേതാക്കൾ ഇടപെടുന്നത്. അടിയന്തരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എന്തു തീരുമാനമെടുക്കാനും മടിക്കില്ലെന്നാണ് ജോസഫ് വിഭാഗം നല്‍കുന്ന സൂചന.

Next Story

RELATED STORIES

Share it