Kerala

വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ അന്തകന്‍; രൂക്ഷവിമര്‍ശനവുമായി സുധീരന്‍

ഗുരുസന്ദേശങ്ങള്‍ക്ക് നേരെ വിപരീതമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി, ശ്രീനാരായണധര്‍മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട എസ്എന്‍ഡിപി യോഗത്തിന്റെ അന്തകനാണെന്ന് സുധീരന്‍ ആരോപിച്ചു. വി എം സുധീരന്‍ കപട ആദര്‍ശവാദിയാണെന്ന വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന്് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കുകയായിരുന്നു സുധീരന്‍.

വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ അന്തകന്‍; രൂക്ഷവിമര്‍ശനവുമായി സുധീരന്‍
X

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ രംഗത്ത്. ഗുരുസന്ദേശങ്ങള്‍ക്ക് നേരെ വിപരീതമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി, ശ്രീനാരായണധര്‍മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട എസ്എന്‍ഡിപി യോഗത്തിന്റെ അന്തകനാണെന്ന് സുധീരന്‍ ആരോപിച്ചു. വി എം സുധീരന്‍ കപട ആദര്‍ശവാദിയാണെന്ന വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന്് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കുകയായിരുന്നു സുധീരന്‍.

വെള്ളാപ്പള്ളിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ തനിക്ക് നേരേ അദ്ദേഹം നടത്തിയ പരാമര്‍ശത്തെ കേവലം അവസരവാദിയുടെ അധരവ്യായാമമായി കണക്കിലെടുത്ത് പൂര്‍ണമായും തള്ളിക്കളയുന്നു. ജനറല്‍ സെക്രട്ടറി പദം സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കും സ്വന്തം നേട്ടങ്ങള്‍ക്കും രാഷ്ട്രീയകച്ചവടങ്ങള്‍ക്കും വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി, യഥാര്‍ഥത്തില്‍ ശ്രീനാരായണ ദര്‍ശനങ്ങളെ ചവിട്ടിമെതിക്കുകയാണ്. ശ്രീനാരായണഗുരു ഏതൊരു സന്ദേശമാണോ മാനവരാശിക്ക് നല്‍കിയത് അതിനെല്ലാം തീര്‍ത്തും എതിരായി മാത്രം പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി ഏറ്റവും വലിയ ഗുരുനിന്ദയാണ് നടത്തിവരുന്നത്. തന്റെ പേരിലുള്ള സംസ്ഥാനത്തെ കേസുകളില്‍നിന്നും രക്ഷനേടാനായി സിപിഎം നേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍നിന്ന് രക്ഷനേടാന്‍ മകനെ ബിജെപിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെ പോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ല.

ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിച്ച വെള്ളാപ്പള്ളി അതൊരു രസത്തിനുവേണ്ടി പറഞ്ഞതാണെന്ന് മാറ്റിപ്പറഞ്ഞ് പിന്നീട് തടിയൂരി സ്വയം പരിഹാസ്യനായി. താന്‍ പിന്തുണച്ച സ്ഥാനാര്‍ഥികളൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ആലപ്പുഴയിലേത്. വൈകിവന്ന ആ തിരിച്ചറിവാണ് പതിവുപോലെ വാക്കുമാറ്റിപ്പറയാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്. തരത്തിനനുസരിച്ച് നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടിവന്നത് സിപിഎം നേതൃത്വത്തിന്റെ ഗതികേടാണ് വ്യക്തമാക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it