Kerala

പ്രാദേശിക തലത്തിലെ അതൃപ്തി; വട്ടിയൂർക്കാവിൽ ബിജെപി കിതയ്ക്കുന്നു

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കങ്ങൾ ബിജെപിയെ മണ്ഡലത്തില്‍ പിന്നിലാക്കിയിട്ടുണ്ട്. വിജയ സാധ്യതയില്ലാത്ത സ്ഥാനാർഥിയെയാണ് മൽസരരംഗത്ത് ഇറക്കിയതെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന വിമർശനം.

പ്രാദേശിക തലത്തിലെ അതൃപ്തി; വട്ടിയൂർക്കാവിൽ ബിജെപി കിതയ്ക്കുന്നു
X

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി കിതയ്ക്കുന്നു. എൽഡിഎഫും യുഡിഎഫും പ്രചാരണ രംഗത്ത് മൽസരിച്ച് മുന്നേറുമ്പോൾ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ ക്യാമ്പിൽ അതൃപ്തി പുകയുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കങ്ങൾ ബിജെപിയെ മണ്ഡലത്തില്‍ പിന്നിലാക്കിയിട്ടുണ്ട്. വിജയ സാധ്യതയില്ലാത്ത സ്ഥാനാർഥിയെയാണ് മൽസരരംഗത്ത് ഇറക്കിയതെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന വിമർശനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടമാണ് ഇവിടെ കാഴ്ചവച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വെറും 3000ത്തോളം വോട്ടിന്‍റെ മാത്രം വ്യത്യാസമാണ് ഉണ്ടായിരുന്നത്.

മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മൽസരിപ്പിച്ച് വിജയിക്കാമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. കുമ്മനം രാജശേഖരനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ ബിജെപിക്ക് ഇക്കുറി വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ചിരുന്നു പ്രവര്‍ത്തകര്‍. കുമ്മനമാവട്ടെ അനൗദ്യോഗികമായി മണ്ഡലത്തിൽ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ബിജെപിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

അവസാന നിമിഷം കുമ്മനത്തെ വെട്ടിമാറ്റി വിജയ സാധ്യത തീരെയില്ലാത്ത ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത കടുത്ത അതൃപ്തി ഇപ്പോഴും പുകയുകയാണ്. മുരളീധരപക്ഷത്തിന്റെ ഇടപെടലാണ് കുമ്മനത്തെ തഴയാൻ കാരണമെന്നാണ് ആക്ഷേപം. ഇതേതുടർന്ന് ഒരുവിഭാഗം ബിജെപി നേതാക്കള്‍ അതൃപ്തി പരസ്യമാക്കി പ്രചരണത്തില്‍ നിന്നും മാറി നിൽക്കുകയാണ്.

നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി ആര്‍എസ്എസും പ്രചരണത്തില്‍ സജീവമല്ല. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ആര്‍എസ്എസ് ഭാരവാഹികള്‍ക്കായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല. എന്നാല്‍ ഇക്കുറി പ്രചരണത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും പ്രചരണം തിരിഞ്ഞ് നോക്കാന്‍ പോലും പല നേതാക്കളും തയ്യാറായിട്ടില്ല. കുമ്മനത്തിന് പകരം എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആര്‍എസ്എസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഇപ്പോഴും അതൃപ്തിയുണ്ട്.

ബിജെപി ക്യാംപിലെ തമ്മിലടി യുഡിഎഫിനും എൽഡിഎഫിനും ഗുണകരമായിട്ടുണ്ട്. മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും മണ്ഡലത്തിൽ സജീവ പ്രചാരണത്തിലാണ്. സിറ്റിങ് സീറ്റ് നിലനിർത്താൻ യുഡിഎഫും സീറ്റ് പിടിച്ചെടുത്ത് അഭിമാനം സംരക്ഷിക്കാൻ എൽഡിഎഫും കഠിന പ്രയത്നത്തിലാണ്.

Next Story

RELATED STORIES

Share it