Kerala

വിക്ടര്‍ ജോര്‍ജ് പുരസ്‌കാരം ബിബിന്‍ സേവ്യറിന്; ഷിയാമിക്ക് പ്രത്യേക പരാമര്‍ശം

ജീവന്‍ കൈയില്‍പ്പിടിച്ച് എന്ന അടിക്കുറിപ്പോട് കൂടി 2018 ആഗസ്ത് 11ന് തേജസ് ദിനപത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് ഷിയാമിയെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനാക്കിയത്.

വിക്ടര്‍ ജോര്‍ജ് പുരസ്‌കാരം ബിബിന്‍ സേവ്യറിന്; ഷിയാമിക്ക് പ്രത്യേക പരാമര്‍ശം
X

കോട്ടയം: അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെയുഡബ്ല്യൂജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യര്‍ അര്‍ഹനായി. അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനിടെ മണ്ണിനടിയില്‍പ്പെട്ട കുരുന്നിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് അഗ്‌നിശമന സേനാംഗം ഓടുന്ന ചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

2018 ആഗസ്ത് 10ന് ദീപിക കോട്ടയം എഡിഷന്റെ ഒന്നാം പേജില്‍ ജീവനായിരുന്നു എന്ന അടിക്കുറിപ്പിലാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത ചിത്രം പ്രസിദ്ധീകരിച്ചത്. പ്രളയജലം വിഴുങ്ങും മുമ്പ് ചെറുതോണി പാലത്തിലൂടെ ദുരന്തനിവാരണ സേനാംഗം കുട്ടിയുമായി പായുന്ന ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. എന്നാല്‍, ഒരേ ആംഗിളില്‍ തന്നെ അല്‍പ്പം പോലും വ്യത്യാസമില്ലാതെ ഒന്നിലധികം ചിത്രങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വ്യത്യസ്ഥമായ മറ്റൊരു ചിത്രം തിരഞ്ഞെടുക്കുകയായിരുന്നു.

ജി ശിവപ്രസാദ് (മാതൃഭൂമി), റിജോ ജോസഫ് (മലയാള മനോരമ), ഷിയാമി (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്) എന്നിവരുടെ ചിത്രങ്ങളാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായത്. ജീവന്‍ കൈയില്‍പ്പിടിച്ച് എന്ന അടിക്കുറിപ്പോട് കൂടി 2018 ആഗസ്ത് 11ന് തേജസ് ദിനപത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് ഷിയാമിയെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനാക്കിയത്.

ബി ജയചന്ദ്രന്‍ (റിട്ട. ഫോട്ടോ എഡിറ്റര്‍, മലയാള മനോരമ ) എസ് ഗോപകുമാര്‍ (സ്‌പെഷ്യല്‍ ന്യുസ് ഫോട്ടോഗ്രഫര്‍, ദി ഹിന്ദു), ഹാരിസ് കുറ്റിപ്പുറം(ഫോട്ടോ എഡിറ്റര്‍, മാധ്യമം) എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്

പ്രളയം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുളള 35 ചിത്രങ്ങളാണ് വിധി നിര്‍ണയ സമിതി പരിഗണിച്ചത്. വിക്ടര്‍ ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ 9ന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Next Story

RELATED STORIES

Share it