Big stories

വയനാട് ഉരുള്‍പൊട്ടല്‍; 35 പേരുടെ മരണം സ്ഥിരീകരിച്ചു

പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.

വയനാട് ഉരുള്‍പൊട്ടല്‍; 35 പേരുടെ മരണം സ്ഥിരീകരിച്ചു
X

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ വന്‍ ദുരന്തം. കുട്ടികളടക്കം 35 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട് ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം.

വീടുകള്‍ ഒലിച്ചുപോയി. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തുനിന്ന് പത്തിലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മലപ്പുറം പോത്തുകല്ലില്‍ ചാലിയാറിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. നാലോളം മൃതദേഹങ്ങള്‍ ഇവിടെനിന്നും കണ്ടെത്തി.

പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി. സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണര്‍ന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ പലരും മണ്ണിനടിയിലായി.

നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.


Next Story

RELATED STORIES

Share it