Kerala

ഓണക്കിറ്റിലെ തൂക്കക്കുറവ്; വിജിലന്‍സ് റിപോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടിയെന്ന് മന്ത്രി തിലോത്തമന്‍

തൂക്കത്തില്‍ കുറവുവന്ന പായ്ക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യാന്‍ സപ്ലൈക്കോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഓണക്കിറ്റിലെ തൂക്കക്കുറവ്; വിജിലന്‍സ് റിപോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടിയെന്ന് മന്ത്രി തിലോത്തമന്‍
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ സാധനങ്ങളുടെ കുറവുണ്ടെന്ന കണ്ടെത്തലില്‍ വിജിലന്‍സ് റിപോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഓണക്കിറ്റില്‍ കുറവുണ്ടെന്ന കണ്ടെത്തല്‍ വിജിലന്‍സ് തങ്ങളെ അറിയിച്ചിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. അപ്പോള്‍തന്നെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തൂക്കത്തില്‍ കുറവുവന്ന പായ്ക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യാന്‍ സപ്ലൈക്കോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ശര്‍ക്കരയുടെ പായ്ക്കറ്റിലാണ് കുറവ് കണ്ടെത്തിയത്. ശര്‍ക്കര അലിഞ്ഞുപോവുന്നതുകൊണ്ടാണ് തൂക്കത്തില്‍ കുറവുവരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശര്‍ക്കരയുടെ കാര്യത്തില്‍ ചിലപ്പോള്‍ കുറവും കൂടുതലുമുണ്ടാവാറുണ്ട്. അത് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. അപ്പോള്‍തന്നെ ഇത് മാറ്റിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണുള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.

ഓപറേഷന്‍ കിറ്റ് ക്ലീനില്‍ എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയിലാണ് തൂക്കക്കുറവ് ശ്രദ്ധയില്‍പ്പെട്ടത്. പായ്ക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് വിജിലന്‍സ് ഇന്നലെ പരിശോധന നടത്തിയത്. വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങള്‍ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.

Next Story

RELATED STORIES

Share it