Kerala

നാളെ ലോക കാഴ്ചദിനം: രാജ്യത്ത് 1000 കുട്ടികളില്‍ 0.8 കുട്ടികള്‍ക്കും ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങള്‍

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.

നാളെ ലോക കാഴ്ചദിനം: രാജ്യത്ത് 1000 കുട്ടികളില്‍ 0.8 കുട്ടികള്‍ക്കും ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങള്‍
X

തിരുവനന്തപുരം: ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷത്തെ ലോക കാഴ്ച ദിനം നാളെ ആചരിക്കുകയാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.

'കാഴ്ചയുടെ പ്രത്യാശ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഈ സന്ദര്‍ഭത്തില്‍ കുട്ടികളുടെ അന്ധത നിര്‍മ്മാര്‍ജന മാര്‍ഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം ശക്തമാക്കാനാണ് തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ഈ വിഷയത്തെപ്പറ്റി വെബിനാറും സ്‌കൂള്‍ കുട്ടികളുമായുള്ള സംവാദവും സംഘടിപ്പിക്കും.

കുട്ടികളുടെ അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്ത്യയില്‍ 15 വയസില്‍ താഴെയുള്ള 1000 കുട്ടികളില്‍ 0.8 കുട്ടികള്‍ക്കും അന്ധതയോ ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങളോ ഉണ്ടെന്നാണ് കണ്ടെത്തല്‍. കുട്ടികളുടെ കാഴ്ച്ചത്തകരാറുകള്‍ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ബാധിക്കുന്നു. കുട്ടികളിലെ അന്ധത ഒരു സാര്‍വജനീനമായ ആരോഗ്യ പ്രശ്‌നമായി ലോകം മുഴുവന്‍ കണക്കാക്കുന്നു. ആരംഭത്തിലേ നേത്രരോഗങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ശരിയായ ചികിത്സ ലഭിച്ചിട്ടില്ലാത്ത അപഭംഗ പാളിച്ചകള്‍ (refractive error), കണ്ണിലെ അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകള്‍, ജന്മനായുള്ള തിമിരം, ജന്മനായുള്ള ഗ്ലോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി തുടങ്ങിയവയാണ് അന്ധതയുടെ പ്രധാന കാരണം. റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി ഇപ്പോള്‍ ഒരു പ്രധാനപ്പെട്ട രോഗമായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇതിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. കണ്ണാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഇതിന്റെ പരിശോധനയും ചികിത്സയും ലഭ്യമാണ്. വിറ്റാമിന്‍ എയുടെ കുറവ് പരിഹരിക്കാന്‍ ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികളും മഞ്ഞ, ചുവപ്പ് നിറമുള്ള പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. 6 മാസം മുതല്‍ 5 വയസുവരെയുള്ള കുട്ടികള്‍ക്ക് വിറ്റാമിന്‍ എ തുള്ളിമരുന്ന് ഹെല്‍ത്ത് സെന്ററുകള്‍ വഴി ലഭിക്കും.

സണ്‍ ഗ്ലാസുകള്‍ ധരിക്കുന്നത് വഴി അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ കഴിയും. സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പും സ്‌കൂള്‍ പഠനത്തിനിടയ്ക്ക് രണ്ട് പ്രാവശ്യവും കുട്ടികളുടെ കാഴ്ച പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ ലൈനായതിനാല്‍ അല്ലാത്ത സമയങ്ങളില്‍ ടിവിയും മൊബൈല്‍ ഫോണും കാണുന്നത് കുറയ്ക്കുന്നത് നന്നായിരിക്കും. നിശ്ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാവൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതല്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്‍കണം. കൈകള്‍ കഴുകി ശുദ്ധമാക്കാതെ കണ്ണുകളില്‍ സ്പര്‍ശിക്കരുത്. കൃത്യമായ ഇടവേളകളില്‍ കാഴ്ച പരിശോധന നടത്തുകയും വേണം.

Next Story

RELATED STORIES

Share it