World

കുടുംബത്തിലേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് ഇസ്‌ലാം സ്വീകരിച്ച സിഖ് പെണ്‍കുട്ടി

കുടുംബത്തിലേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് ഇസ്‌ലാം സ്വീകരിച്ച സിഖ് പെണ്‍കുട്ടി
X

ലാഹോര്‍: ജീവന് ഭീഷണിയുള്ളതിനാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇസ്‌ലാം സ്വീകരിച്ച സിഖ് പെണ്‍കുട്ടി. ജഗ്ജിത് കൗര്‍ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റുകയും മുസ്‌ലിം യുവാവ് വിവാഹം കഴിക്കുകയും ചെയ്‌തെന്ന കുടുംബത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയഇക്കാര്യം വ്യക്തമാക്കിയതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഇസ്‌ലാം സ്വീകരിച്ച പെണ്‍കുട്ടി ആയിഷ എന്ന പേര് സ്വീകരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പഞ്ചാബ് ഗവര്‍ണര്‍ ചൗധരി മുഹമ്മദ് സര്‍വര്‍ ജഗ്ജിത് കൗറിനെ സന്ദര്‍ശിച്ച് കുടുംബത്തിലേക്കു മടങ്ങാന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, കുടുബത്തില്‍ നിന്ന് തന്റെ ജീവന് ഭീഷണി ഉള്ളതിനാല്‍ താന്‍ പോവാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി അറിയിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.

ലാഹോറിലെ അഭയ കേന്ദ്രത്തിലാണ് കൗര്‍ ഇപ്പോള്‍ കഴിയുന്നത്. താന്‍ മുഹമ്മദ് ഹസന്‍ എന്നയാളെ വിവാഹം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് കൗറിനെ ദാറുല്‍ അമാനിലേക്ക്(അഭയ കേന്ദ്രം) അയച്ചത്. ഒരു സിഖ് പുരോഹിതന്റെ മകളാണ് കൗര്‍.

ജഗ്ജിത് കൗറിനെ തോക്ക് ചൂണ്ടി മതം മാറ്റിയതാണെന്നും മുസ്‌ലിം ചെറുപ്പക്കാരനെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. അവള്‍ക്ക് 18 വയസ്സ് തികയുന്നതേ ഉള്ളുവെന്നും കുടുംബം അവകാശപ്പെടുന്നു.

ശനിയാഴ്ച്ചയാണ് ഗവര്‍ണര്‍ സര്‍വര്‍ ലാഹോറിലെ ദാറുല്‍ അമാനില്‍ ചെന്ന് കൗറിനെ കണ്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോവാന്‍ സമ്മതിക്കുന്നതിന് ഗവര്‍ണര്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നുവെന്ന് പഞ്ചാബ് പ്രവിശ്യാ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയെ അറിയിച്ചു.

മുഹമ്മദ് ഹസനെ താന്‍ ഇഷ്ടപ്പെടുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്‌തെന്നും കൗര്‍ ഗവര്‍ണറെ അറിയിക്കുകയായിരുന്നു. ലാഹോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നങ്കണ സാഹിബിലെ രക്ഷിതാക്കളുടെ വീട്ടിലേക്ക് ചെന്നാല്‍ തന്റെ ജീവന്‍ അപായപ്പെടുമെന്ന് ഭയക്കുന്നതായും കൗര്‍ പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന് ആറ് പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. പ്രധാന പ്രതിയായ മുഹമ്മദ് ഹസന്റെ സുഹൃത്തായ അര്‍സലാനെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹസന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ 10 പേരെ ശനിയാഴ്ച്ച പോലിസ് പിടികൂടിയിരുന്നു.

മതത്തിന് പുറത്തുള്ള ഒരാളെ വിവാഹം ചെയ്യുന്നത് മതപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് നങ്കണ സാഹിബില്‍ മുസ്‌ലിംകളും സിഖുകാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും കൗറിനെ ബോധ്യപ്പെടുത്താന്‍ ഗവര്‍ണര്‍ ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടി വഴങ്ങാന്‍ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെണ്‍കുട്ടിയെ കുടുംബത്തിലേക്ക് തിരിച്ച് അയക്കണമെന്ന് ആവശ്യപ്പെട്ട് നങ്കണ സാഹിബില്‍ സിഖുകാര്‍ വന്‍പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുമായി കൂടിക്കാഴ്ച്ച് നടത്തും മുമ്പ് സിഖ് പ്രതിനിധികള്‍ ഗവര്‍ണറെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. രോഷാകുലരായ സിഖ് സമൂഹവുമായി ചര്‍ച്ച നടത്തുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ ഉന്നതല തല സമിതി രൂപീകരിച്ചിട്ടുണ്ട്.

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതും മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുകകയും ചെയ്തതെന്ന് കമ്മിറ്റി സിഖ് സമൂഹത്തെ അറിയിച്ചു. ജഗ്ജിത് കൗറിന്റെ വിവാഹത്തിന്റെയും ഇസ്‌ലാം സ്വീകരിക്കുന്നതിന്റെയും വീഡിയോകളും കമ്മിറ്റി നല്‍കി. കൗറിന് 19 വയസ്സായെന്ന് തെളിയിക്കുന്ന നാഷനല്‍ ഡാറ്റാബേസ് ആന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ രേഖകളും കൈമാറി. ലോക്കല്‍ പോലിസ് ഉപദ്രവിക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടി ലാഹോര്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, വീഡിയോയും രേഖാമൂലമുള്ള മറ്റു തെളിവുകളും തള്ളിയ സിഖ് പ്രതിനിധികള്‍ പെണ്‍കുട്ടി കുടുംബത്തിലേക്കു മടങ്ങാന്‍ വാശിപിടിക്കുകയാണ്. മതം മാറിയത് നിര്‍ബന്ധിച്ചായാലും സ്വന്തം ഇഷ്ടപ്രകാരമായാലും പോലിസ് കൗറിനെ വീട്ടില്‍ കൊണ്ടു ചെന്നാക്കണമെന്നാണ് അവരുടെ ആവശ്യം.

നേരത്തേ, ഒരു സംഘം വീട് ആക്രമിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന ആരോപിക്കുന്ന ജഗ്ജിത് കൗറിന്റെ കുടുംബത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തട്ടിക്കൊണ്ടു പോയവര്‍ രണ്ടാമതും വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി തിരിച്ചെത്തിയില്ലെങ്കില്‍ ലാഹോര്‍ ഗവര്‍ണറുടെ വസതിക്കു മുന്നില്‍ കുടുംബം കൂട്ടത്തോടെ ആത്ഹമത്യ ചെയ്യുമെന്നും വീഡിയോയില്‍ ഭീഷണി മുഴക്കിയിരുന്നു.

സിഖ് സമൂഹത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പാകിസ്താന്റെ മുന്നില്‍ വിഷയം ഉന്നയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it