World

മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍; ചൈനയെ വിമര്‍ശിച്ച് അമേരിക്ക

തിബത്തിന്റെ സ്വാതന്ത്ര്യ സമരത്തിനെതിരേ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ ശ്രമം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും

മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍; ചൈനയെ വിമര്‍ശിച്ച് അമേരിക്ക
X

വാഷിങ്ടണ്‍: രാജ്യത്തെ മുസ്‌ലിംകള്‍ക്കും തിബത്തുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ചൈനയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്ത്. ചൈനയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഏറ്റവും വലിയ അടിച്ചമര്‍ത്തലാണ് ഭരണകൂടം നടത്തുന്നതെന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ചൈന ആരെയും വെല്ലുവിളിക്കുമെന്നും പോംപിയോ വ്യക്തമാക്കി. ഇപ്പോള്‍ 10 ലക്ഷത്തിലേറെ ഉയിഗൂര്‍ മുസ്‌ലിംകളും ഖസാക്കികളുമാണ് ചൈനയിലെ ജയിലറകളില്‍ കഴിയുന്നത്. തടവിലുള്ളവരെ ചൈനീസ് ഭരണകൂടം പീഡിപ്പിച്ച് കൊല്ലുകയാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപോര്‍ട്ടില്‍ ആരോപിക്കുന്നു. 2018ല്‍ ചൈനയില്‍ തടവിലാക്കപ്പെട്ട സിന്‍ജിയാങ് ഉയിഗൂര്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ എണ്ണം റെക്കോര്‍ഡ് വര്‍ധനവിലെത്തി. ഇവരെ ക്യാംപുകളില്‍ തടവില്‍ താമസിപ്പിച്ച് മതപരവും വംശീയവുമായ അസ്തിത്വം തകര്‍ക്കുകയാണ്. ചൈനയ്ക്കു പുറമെ ഇറാന്‍, ദക്ഷിണ സുദാന്‍, നിക്കരാഗ്വേ എന്നിവയാണ് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. തിബത്തിന്റെ സ്വാതന്ത്ര്യ സമരത്തിനെതിരേ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ ശ്രമം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. സര്‍ക്കാരിനെതിരേ ചിന്തിക്കുന്നവര്‍ ആരായാലും അവരെ അടിച്ചമര്‍ത്തുകയാണ്. തീവ്രവാദികളെന്നും ഭീകരവാദികളെന്നും പറഞ്ഞാണ് പീഡനം നടത്തുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളം സ്വതന്ത്ര ചിന്താഗതിക്കാരും ചൈനീസ് ക്യാംപുകളില്‍ ഭീഷണിയും പീഡനവും കൊല്ലാക്കൊലയുമാണ് നടക്കുന്നതെന്ന് തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വലിയ പങ്ക് വഹിക്കുന്നതായും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ലോക രാഷ്ട്രങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യാവകാശ പരിപാലനം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും പോംപിയോ പറഞ്ഞു.

Next Story

RELATED STORIES

Share it