World

മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഇളയ മകന്‍ അന്തരിച്ചു

കെയ്‌റോയ്ക്ക് തെക്കുള്ള ഗിസയിലെ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് അബ്ദുല്ല മരിച്ചതെന്നാണ് റിപോര്‍ട്ട്. അബ്ദുല്ലയുടെ മരണം കുടുംബം സ്ഥിരീകരിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയില്ല. ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രിയും മരണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഇളയ മകന്‍ അന്തരിച്ചു
X

കെയ്‌റോ: അന്തരിച്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഇളയ മകന്‍ അബ്ദുല്ല മുര്‍സി അന്തരിച്ചതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപോര്‍ട്ട് ചെയ്തു. കെയ്‌റോയ്ക്ക് തെക്കുള്ള ഗിസയിലെ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് അബ്ദുല്ല മരിച്ചതെന്നാണ് റിപോര്‍ട്ട്. അബ്ദുല്ലയുടെ മരണം കുടുംബം സ്ഥിരീകരിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയില്ല. ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രിയും മരണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഈ വര്‍ഷം ജൂണ്‍ 17ന് ഈജിപ്തിലെ ജയിലില്‍ പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനു പിന്നാലെ കുടുംബത്തിന്റെ വക്താവ് എന്ന രീതിയിലേക്ക് അബ്ദുല്ല മുര്‍സി ഉയര്‍ന്നുവന്നിരുന്നു. മുര്‍സിയെ ഈജിപ്ത് സര്‍ക്കാര്‍ കൊന്നതാണെന്ന് അബ്ദുല്ല മുര്‍സി ആരോപിച്ചിരുന്നു. മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നാരോപിച്ച് ജഡ്ജി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ പേരുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് അബ്ദുല്ലയെ ഈജിപ്ഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. 2015ലെ സൈനിക അട്ടിമറിക്ക് പിന്നാലെ ഒരു വര്‍ഷത്തോളം ജയിലിലുമായിരുന്നു അബ്ദുല്ല. അബ്ദുല്ലയുടെ മൂത്ത സഹോദരന്‍ ഇപ്പോള്‍ ജയിലിലാണ്. സര്‍ക്കാരിനെതിരേ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്നാരോപിച്ച് 2016ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

രണ്ടര മാസം മുമ്പാണ് പിതാവ് മുഹമ്മദ് മുര്‍സി വിചാരണയ്ക്കിടെ ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഈജിപ്തില്‍ അറബ് വിപ്ലവാനന്തരം ജനാധിപത്യ രീതിയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു വിജയിച്ച മുഹമ്മദ് മുര്‍സി 2012 ജൂണ്‍ 30 മുതല്‍ 2013 ജൂലൈ 4 വരെ ഈജിപ്തിന്റെ പ്രസിന്റായിരുന്നു. മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഈജിപ്തിന്റെ ഭരണം കൈയടക്കിയത്. 2013 ജൂലൈ 4 മുതല്‍ പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്ന മുര്‍സി വിചാരണയ്ക്കിടെ കഴിഞ്ഞ ജൂണ്‍ 17 ന് കോടതി മുറിയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it