World

ദക്ഷിണ കൊറിയയില്‍ കാട്ടുതീ; 24 മരണം; പ്രസിദ്ധ ബുദ്ധക്ഷേത്രവും കത്തിയെരിഞ്ഞു

ദക്ഷിണ കൊറിയയില്‍ കാട്ടുതീ; 24 മരണം; പ്രസിദ്ധ ബുദ്ധക്ഷേത്രവും കത്തിയെരിഞ്ഞു
X

സോള്‍: ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ആളിക്കത്തുന്ന കാട്ടുതീയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്ക് പൊള്ളലേറ്റു. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങളും സൈന്യവും ചേര്‍ന്ന് അതിവേഗം പടരുന്ന തീ നിയന്ത്രിക്കാന്‍ പ്രയത്‌നിക്കുകയാണ്. പന്ത്രണ്ടിലധികം പ്രദേശങ്ങളിലാണ് തീ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കാട്ടുതീയെ തുടര്‍ന്ന് ഏകദേശം 27,000 ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചിട്ടുണ്ട്.

മരിച്ചവരില്‍ ഒരാള്‍ അഗ്‌നിശമന വിഭാഗത്തിന്റെ ഹെലികോപ്റ്റര്‍ പൈലറ്റാണ്. ഹെലിക്കോപ്റ്റര്‍ ഉയിസോങ്ങിലെ പര്‍വതപ്രദേശത്ത് തകര്‍ന്നുവീണാണ് അപകടം. കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് തീപിടിച്ചാണ് നാലുപേര്‍ മരിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ ഇതുവരേയും പൂര്‍ണമായി നിയന്ത്രണ വിധേയമായിട്ടില്ല.

വടക്കന്‍ ജിയോങ്സാങ് പ്രവിശ്യയിലെ സാഞ്ചിയോങ് കൗണ്ടിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാട്ടുതീ ആരംഭിച്ചത്. പിന്നീട് തലസ്ഥാനമായ സിയോളില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഉസിയോങ് കൗണ്ടിയിലേക്ക് തീ വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ആന്‍ഡോങ്, ചിയോങ്സോങ്, യോങ്യാങ്, യോങ്ഡിയോക് കൗണ്ടികളിലേക്കും വ്യാപിച്ചു. ഇതിനകം 42,000 ഏക്കര്‍ വനം കത്തിനശിക്കുകയും ഉയിസോങ്ങിലെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഗൗന്‍സ ക്ഷേത്രം ഉള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ ചാമ്പലാകുകയും ചെയ്തിട്ടുണ്ട്. ആന്‍ഡോങ്ങിലെയും മറ്റ് തെക്കുകിഴക്കന്‍ നഗരങ്ങളിലെയും പട്ടണങ്ങളിലെയും താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശമുണ്ട്.

തീ കൂടുതല്‍ അടുത്തുവരുന്നതിനാല്‍ അന്‍ഡോങ് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച വിനോദസഞ്ചാര കേന്ദ്രം ഹാഹോ ഫോക്ക് വില്ലേജില്‍ അധികൃതര്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഹാഹോ വില്ലേജില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ മാത്രമാണ് കാട്ടുതീ. എല്ലാ പ്രവചനങ്ങളെയും മറികടന്നാണ് കാട്ടുതീ വ്യാപിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂ പറഞ്ഞു.





Next Story

RELATED STORIES

Share it