World

ഫലസ്തീനിലെ അനധികൃത കുടിയേറ്റം: യുഎന്നില്‍ ഇസ്രായേലിനെതിരെ വോട്ട് ചെയ്ത് ഇന്ത്യ

ഫലസ്തീനിലെ അനധികൃത കുടിയേറ്റം: യുഎന്നില്‍ ഇസ്രായേലിനെതിരെ വോട്ട് ചെയ്ത് ഇന്ത്യ
X
ജനീവ: ഫലസ്തീനിലെ അനധികൃത ഇസ്രായേല്‍ കുടിയേറ്റത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ ഫലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലുമുള്ള അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ ഇന്ത്യയടക്കമുള്ള 145 രാജ്യങ്ങളാണ് അനുകൂലിച്ചത്. നവംബര്‍ ഒമ്പതിനാണ് കരട് പ്രമേയം അംഗീകരിച്ചത്.

'കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനും ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍' എന്ന തലക്കെട്ടിലുള്ള യുഎന്‍ കരട് പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎസ്, കാനഡ, ഹംഗറി, ഇസ്രായേല്‍, മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടനടി മാനുഷിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കഴിഞ്ഞ മാസം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഹമാസിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്താത്തതിനാലായിരുന്നു വിട്ടുനില്‍ക്കല്‍. 'സിവിലിയന്‍മാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുക' എന്ന തലക്കെട്ടിലുള്ള അന്നത്തെ പ്രമേയത്തെ 120 രാജ്യങ്ങള്‍ അനുകൂലിച്ചു. 14 എതിര്‍ക്കുകയും 45 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു.





Next Story

RELATED STORIES

Share it