World

ഇന്തോനീസ്യയിലെ ഭൂകമ്പം: ആശുപത്രി കെട്ടിടം തകര്‍ന്ന് എട്ടുപേര്‍ മരിച്ചു; ആകെ മരണം 42 ആയി

ഇന്തോനീസ്യയിലെ ഭൂകമ്പം: ആശുപത്രി കെട്ടിടം തകര്‍ന്ന് എട്ടുപേര്‍ മരിച്ചു; ആകെ മരണം 42 ആയി
X

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ ആശുപത്രികെട്ടിടം തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മാമുജുവിലെ അഞ്ചുനിലകളുള്ള മിത്ര മനകരാ ആശുപത്രിയാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. ആശുപത്രികെട്ടിടം ഭാഗികമായി തകര്‍ന്നു. തകര്‍ന്ന കെട്ടിടത്തില്‍നിന്ന് 60 ഓളം പേരെ രക്ഷപ്പെടുത്തി. ഇത് വളരെ വേഗം സംഭവിച്ചു.

ഏകദേശം 10 സെക്കന്‍ഡിനിടയിലാണ് കെട്ടിടം തകര്‍ന്നത്- പ്രാദേശിക പോലിസ് വക്താവ് സയാംസു റിദ്വാന്‍ ബിബിസിയോട് പറഞ്ഞു. ഭൂകമ്പസമയത്ത് ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 42 പേരാണ് മരിച്ചത്. 600നു മുകളിലാളുകള്‍ക്ക് പരിക്കേറ്റു. 15,000 പേരെ താത്കാലിക ക്യാംപുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുന്നൂറോളം വീടുകളും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരവെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പടിഞ്ഞാറന്‍ സുലവേസി പ്രവിശ്യയിലെ മാമുജു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പങ്ങളുടെയും സുനാമികളുടെയും വലിയ ചരിത്രമാണ് ഇന്തോനീസ്യയ്ക്കുള്ളത്. 2018 ലെ സുലവേസി ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.

Next Story

RELATED STORIES

Share it