World

ഇറാഖില്‍ കടത്തുവള്ളം മറിഞ്ഞ് 70ലേറെ മരണം

കുര്‍ദിഷ് ജനതയുടെ പുതുവര്‍ഷാഘോഷമായ നൗറുസ് ആഘോഷത്തിനായാണു ഇവര്‍ പോവുന്നത്

ഇറാഖില്‍ കടത്തുവള്ളം മറിഞ്ഞ് 70ലേറെ മരണം
X


ബഗ് ദാദ്: ഇറാഖ് നഗരമായ മൊസൂളിനടുത്ത് ടൈഗ്രീസ് നദിയില്‍ കടത്തുവള്ളം മറിഞ്ഞ് 70ലേറെ പേര്‍ മരിച്ചതായി റിപോര്‍ട്ട്. യാത്രക്കാരില്‍ നൂറിലേറെ പേര്‍ക്കും നീന്താനറിയില്ലെന്നു മൊസൂളിലെ രക്ഷാപ്രവര്‍ത്തക സേന അറിയിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. കുര്‍ദിഷ് പുതുവല്‍സരാഘോഷത്തില്‍ പങ്കെടുക്കാനായി വിനോദസഞ്ചാര ദ്വീപിലേക്ക് പോവുന്നവരാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മെഹ്ദി അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. ദുഖകരവും വേദനാജനകവുമായ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സ ഉറപ്പുവരുത്താനും അദ്ദേഹം പ്രസ്താവനയിലൂടെ നിര്‍ദേശിച്ചു. 12 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായും മൃതദേഹങ്ങള്‍ വഹിക്കാനുമായി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വിനോദ സഞ്ചാരമേഖലയായ ഉമ്മു റബാഈന്‍ ദ്വീപിലെത്താന്‍ നാലു കിലോമീറ്റര്‍ അകലെയുള്ളപ്പോഴാണ് അപകടം സംഭവിച്ചത്. കുര്‍ദിഷ് ജനതയുടെ പുതുവര്‍ഷാഘോഷമായ നൗറുസ് ആഘോഷത്തിനായാണു ഇവര്‍ പോവുന്നത്. 10 ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി മൊസൂളിലേക്ക് തിരിച്ചിട്ടുണ്ടെന്ന് കുര്‍ദിഷ് പ്രാദേശിക ഭരണകൂടം അറിയിച്ചു. മൊസൂള്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ബോട്ട് നിയന്ത്രിച്ചിരുന്നയാള്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നെങ്കിലും അവഗണിച്ചതാണ് അപകട കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. തിരയുയര്‍ന്നതോടെ വള്ളത്തിലുള്ള സഞ്ചാരികള്‍ മറിഞ്ഞുവീഴുകയായിരുന്നു.


Next Story

RELATED STORIES

Share it