World

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മാസങ്ങള്‍ക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ജാക്ക് മാ

ചൈനയിലെ ഗ്രാമീണമേഖലയിലെ 100 അധ്യാപകരെ ചെറിയ ഓണ്‍ലൈന്‍ വിഡിയോയിലൂടെ അദ്ദേഹം അഭിസംബോധന ചെയ്തു. ചൈനീസ് സര്‍ക്കാരിനെതിരേ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ചില പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ആലിബാബ എന്ന വമ്പന്‍ ഓണ്‍ലൈന്‍ കമ്പനിയുടെ സ്ഥാപകനായ ജാക് മാ പെട്ടെന്ന് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മാസങ്ങള്‍ക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ജാക്ക് മാ
X

ബെയ്ജിങ്: ചൈനയിലെ വ്യവസായ ഭീമനായ ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മാ വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് സര്‍ക്കാരിനെയും പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെയും വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെ പൊതു ഇടങ്ങളില്‍നിന്ന് 'അപ്രത്യക്ഷ'നായ ജാക് മാ മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടാണ് ഇപ്പോള്‍ രംഗത്തുവന്നത്. ചൈനയിലെ ഗ്രാമീണമേഖലയിലെ 100 അധ്യാപകരെ ചെറിയ ഓണ്‍ലൈന്‍ വിഡിയോയിലൂടെ അദ്ദേഹം അഭിസംബോധന ചെയ്തു. ചൈനീസ് സര്‍ക്കാരിനെതിരേ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ചില പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ആലിബാബ എന്ന വമ്പന്‍ ഓണ്‍ലൈന്‍ കമ്പനിയുടെ സ്ഥാപകനായ ജാക് മാ പെട്ടെന്ന് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത്.

കഴിഞ്ഞ മൂന്നുമാസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ജാക്ക് മായെ ചൈനീസ് സര്‍ക്കാര്‍ ജയിലില്‍ അടച്ചെന്ന് അഭ്യൂഹങ്ങളും പ്രചരിച്ചു. അതേസമയം, ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എവിടെ നിന്നാണ് അദ്ദേഹം പങ്കെടുത്തതെന്ന് വ്യക്തമല്ല. ഷാങ്ഹായിലെ ഒരുപരിപാടിയില്‍ ചൈനീസ് സര്‍ക്കാരിനെയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക്ക് മായ്‌ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബക്കുനേരെയും അന്വേഷണം നീണ്ടു. പ്രസംഗത്തില്‍ ചൈനയിലെ സാമ്പത്തികരംഗം പരിഷ്‌കരിക്കണമെന്ന അര്‍ഥത്തില്‍ മാ ചില പരാമര്‍ശങ്ങളും നടത്തിയിരുന്നു.

ചൈനീസ് ഭരണകൂടത്തിന്റെ അതൃപ്തി ഇതോടെ ജാക് മായ്ക്ക് നേരിടേണ്ടിവന്നു. നവംബര്‍ രണ്ടിനു മായെ ചൈനീസ് അധികൃതര്‍ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തി. തൊട്ടടുത്ത ദിവസം ആലിബാബയുടെ ടെക് സ്ഥാപനമായ ആന്റ് ഫിനാന്‍ഷ്യലിന്റെ 37 ബില്യന്‍ ഡോളറിന്റെ ഐപിഒ ചൈനീസ് അധികൃതര്‍ റദ്ദുചെയ്തു. ജാക് മായ്‌ക്കെതിരേ അന്വേഷണം ശക്തമായതോടെ ഇദ്ദേഹത്തെ പൊതുവേദികളില്‍ കാണാനില്ലായിരുന്നു. ചൈനയിലെ ഗ്രാമീണ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമാണ് ജാക് മാ വിഡിയോയില്‍ സംസാരിച്ചത്. ഇത്രയും കാലും താനും സഹപ്രവര്‍ത്തകരും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചു പഠിച്ചുവരികയായിരുന്നെന്നും അതിനായി താനടക്കമുള്ള ബിസിനസ് സമൂഹം കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നുമാണു മാ അറിയിച്ചത്.

എല്ലാ വര്‍ഷവും തന്റെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കാറുള്ള ഗ്രാമീണ അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണു ജാക് മാ പങ്കെടുത്തതെന്ന് ജാക് മാ ഫൗണ്ടേഷന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. നൂറോളം അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുത്തത്. കൊവിഡ് മഹാമാരിയ്ക്കുശേഷം നമ്മള്‍ നേരില്‍ കാണുമെന്ന് ജാക്ക് മാ അധ്യാപകര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. 1990കളില്‍ വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അധ്യാപക ജോലി ചെയ്തിരുന്ന മാ യുന്‍ എന്ന യുവാവാണ് പിന്നീട് ആലിബാബയുടെ തലവനായി മാറിയത്. 1999ല്‍ തന്റെ 17 സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിച്ച ആലിബാബ എന്ന ഓണ്‍ലൈന്‍ സ്‌റ്റോര്‍ ജാക്ക് മായെ ശതകോടീശ്വരനാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it