World

ഖുര്‍ആന്‍ കത്തിച്ചതിനെതിരേ പ്രതിഷേധം; ബൈബിളും തോറയും കത്തിക്കാന്‍ അനുമതി; സിറിയന്‍ യുവാവ് പിന്‍മാറി

കഴിഞ്ഞ ജനുവരിയിലാണ് ഖുര്‍ആന്‍ കത്തിക്കല്‍ വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചത്.

ഖുര്‍ആന്‍ കത്തിച്ചതിനെതിരേ പ്രതിഷേധം; ബൈബിളും തോറയും കത്തിക്കാന്‍ അനുമതി;  സിറിയന്‍ യുവാവ് പിന്‍മാറി
X

സ്റ്റോക്ക്ഹോം: ഖുര്‍ആന്‍ കത്തിച്ച സംഭവത്തിനെതിരെ സ്റ്റോക്ക്ഹോമിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുസ്‌ലിം യുവാവ് പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറി. സ്വീഡിഷ് പൊലീസിന്റെ അനുമതി ലഭിച്ചിട്ടും തോറയും ബൈബിളും കത്തിച്ചുള്ള പ്രതിഷേധത്തില്‍ നിന്നാണ് യുവാവ് പിന്‍മാറിയത്. വിവിധ മതക്കാരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ ആദരിക്കണമെന്ന അവബോധം സൃഷ്ടിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് സിറിയന്‍ വംശജനായ അഹ്‌മദ് പറഞ്ഞു.

എംബസിക്കു മുന്നില്‍ തോറയും ബൈബിളും കത്തിച്ചു പ്രതിഷേധിക്കുമെന്ന് നേരത്തെ അഹ്‌മദ് പ്രഖ്യാപിച്ചിരുന്നു. ഇതിന് സ്റ്റോക്ക്ഹോം പൊലീസിന്റെ അനുമതിയിലും ലഭിച്ചു. ഇതോടെ, ഇസ്രായേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗ്, വിവിധ ജൂതസംഘടനകള്‍ ഉള്‍പ്പെടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, അനുമതി ലഭിച്ച ദിവസം ഖുര്‍ആനുമായി സ്ഥലത്തെത്തിയ യുവാവ് ആരുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ കത്തിക്കുന്നില്ലെന്നും അത്തരമൊരു ആലോചനയുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. 'ഖുര്‍ആന്‍ കത്തിച്ചവരോടുള്ള പ്രതികരണമാണിത്. അവരുടെ നടപടിയെ പരസ്യമായി തള്ളിപ്പറയുകയായിരുന്നു ലക്ഷ്യം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ചില പരിധികളുണ്ടെന്ന് കാണിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്-32കാരനായ അഹ്‌മദ് പറഞ്ഞു.

നമ്മള്‍ പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് ജനങ്ങളെ കാണിക്കുകയായിരുന്നു ലക്ഷ്യം. ഒരേ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരാള്‍ തോറയും മറ്റൊരാള്‍ ബൈബിളും വേറെയൊരാള്‍ ഖുര്‍ആനുമെല്ലാം കത്തിക്കാന്‍ നിന്നാല്‍, ഇവിടെ യുദ്ധമായിരിക്കും നടക്കാന്‍ പോകുന്നത്. ഈ ചെയ്യുന്നത് ശരിയല്ലെന്ന് തെളിയിക്കുകയായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലാണ് ഖുര്‍ആന്‍ കത്തിക്കല്‍ വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചത്. നാറ്റോയില്‍ ചേരുന്നതിന്റെ ഭാഗമായി സ്വീഡിഷ് ഭരണകൂടം തുര്‍ക്കിയുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് തീവ്ര വലതുപക്ഷ നേതാവായ റാസ്മസ് പലൂദാന്‍ ആണ് ആദ്യം ഖുര്‍ആന്‍ കത്തിച്ചത്. കഴിഞ്ഞ ജൂണ്‍ 28ന് പെരുന്നാള്‍ ആഘോഷത്തിനിടെ സ്റ്റോക്ക്ഹോമിലെ പള്ളിക്കുമുന്നില്‍ മറ്റൊരാളും ഖുര്‍ആന്‍ കത്തിച്ചു. സ്വീഡനില്‍ കഴിയുന്ന ഒരു ഇറാഖി അഭയാര്‍ത്ഥിയായിരുന്നു നടപടിക്കു പിന്നില്‍.




Next Story

RELATED STORIES

Share it