World

ആണവോര്‍ജ്ജ പദ്ധതി വികസിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

ഊര്‍ജ്ജ മേഖല വൈവിധ്യവത്കരിക്കുന്നതിന് ആണവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ രാജ്യം ആഗ്രഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ആണവോര്‍ജ്ജ പദ്ധതി വികസിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ
X

റിയാദ്: ആണവോര്‍ജ്ജ പദ്ധതി വികസിപ്പിക്കുന്നതിന് രാജ്യത്തെ യുറേനിയം വിഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നതായി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് വെളിപ്പെടുത്തി.

റിയാദില്‍ നടന്ന അന്താരാഷ്ട്ര മൈനിംഗ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധ ഊര്‍ജത്തിലേക്കുള്ള പരിവര്‍ത്തനത്തെ നേരിടാന്‍ ഊര്‍ജ്ജ വഴക്കത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടിയതായും അല്‍ അറേബ്യ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഊര്‍ജ്ജ മേഖല വൈവിധ്യവത്കരിക്കുന്നതിന് ആണവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ രാജ്യം ആഗ്രഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

'തങ്ങള്‍ക്ക് വലിയ അളവില്‍ യുറേനിയം സമ്പത്തുണ്ട്, അത് തങ്ങള്‍ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നു, തങ്ങള്‍ അത് ഏറ്റവും സുതാര്യമായ രീതിയില്‍ ചെയ്യും'-അദ്ദേഹം പറഞ്ഞു. അതിനിടെ, സൗദിക്ക് പുറമെ ജിസിസി അംഗരാജ്യമായ ഖത്തര്‍ 2022-2023 കാലയളവില്‍ ആണവോര്‍ജ്ജത്തിന്റെ സുരക്ഷിത ഉപയോഗത്തിനായി സാങ്കേതിക സഹകരണത്തിന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പദ്ധതി തയ്യാറാക്കി വരികയാണ്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റേയും സിദ്ര മെഡിസിന്റേയും സഹായത്തോടെ റേഡിയോളജിക്കല്‍ രോഗനിര്‍ണയത്തിനുതകുന്ന നവീന മേഖലകല്‍ വികസിപ്പിക്കുക, റേഡിയേഷന്‍കെമിക്കല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് നടപ്പിലാക്കി വരുന്ന മെഡിക്കല്‍, വ്യാവസായിക, പരിസ്ഥിതി മേഖലകളിലെ റേഡിയോളജിക്കല്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, രാജ്യത്ത് റേഡിയേഷന്‍ സംരക്ഷണ പദ്ധതികള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ റേഡിയോ ആക്ടീവ് ഉപകരണങ്ങള്‍ക്കായി ഒരു സെക്കന്‍ഡറി കാലിബ്രേഷന്‍ ലബോറട്ടറി സ്ഥാപിക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം.

Next Story

RELATED STORIES

Share it