World

വിമാനത്തിന് സാങ്കേതിക തകരാര്‍ ; 200 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍

വിമാനത്തിന് സാങ്കേതിക തകരാര്‍ ; 200 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍
X

അങ്കാറ: 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 250 യാത്രക്കാര്‍ തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. ലാന്‍ഡിങിനിടെ വിമാനത്തിന് സാങ്കേതിത തകരാര്‍ സംഭവിച്ചതോടെ എപ്പോള്‍ യാത്ര പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് വിമാന കമ്പനി അധികൃതരും വ്യക്തമായ മറുപടി നല്‍കുന്നില്ല.

വിഎസ്358 എന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനമാണ് മെഡിക്കല്‍ എമര്‍ജന്‍സി കാരണം തുര്‍ക്കിയിലെ ഡിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. യാത്രക്കാരില്‍ ഒരാള്‍ക്ക് പാനിക് അറ്റാക്ക് വന്നതോടെയാണ് വിമാനം ഇറക്കിയത്. മതിയായ സൌകര്യങ്ങളില്ലാത്ത വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും വിമാന കമ്പനി അറിയിച്ചു. സാങ്കേതിക അനുമതി ലഭിച്ചാല്‍, ഇന്ന് ഉച്ചയോടെ യാത്ര പുനരാരംഭിക്കുമെന്നും വിമാന കമ്പനി അറിയിച്ചു. അനുമതി ലഭിച്ചില്ലെങ്കില്‍ തുര്‍ക്കിയിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് യാത്രക്കാരെ മാറ്റും. എന്നിട്ട് അവിടെ നിന്ന് വിമാനത്തില്‍ മുംബൈയില്‍ എത്തിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.

ഇരുപതോളം മണിക്കൂറുകള്‍ക്ക് ശേഷമാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയത്. ഗര്‍ഭിണിയും പ്രായമായവരും കുട്ടികളും യാത്രാ സംഘത്തിലുണ്ട്. വിമാനത്താവളത്തില്‍ 250 യാത്രക്കാര്‍ക്കായി ഒറ്റ ടോയ്ലറ്റ് മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് യാത്രക്കാര്‍ പറഞ്ഞു. കടുത്ത തണുപ്പിനെ നേരിടാന്‍ പുതപ്പുകള്‍ നല്‍കിയില്ല. യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ ദുരിതം വിശദീകരിച്ചതോടെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. എത്രയും പെട്ടെന്ന് ഇടപെട്ട് യാത്ര പുനരാരംഭിക്കാനുള്ള സൌകര്യം ഒരുക്കണമെന്ന് യാത്രക്കാര്‍ ഇന്ത്യന്‍ എംബസിയെ ഉള്‍പ്പെടെ ടാഗ് ചെയ്ത് അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അങ്കാറയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.





Next Story

RELATED STORIES

Share it