Gulf

വന്ദേ ഭാരത് മിഷന്‍ നിരക്ക് വീണ്ടും വര്‍ദ്ധിക്കും

വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ വിമാന നിരക്ക് 40 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് സൂചിപ്പിച്ചു.

കബീര്‍ എടവണ്ണ

ദുബയ്: വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ വിമാന നിരക്ക് 40 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് സൂചിപ്പിച്ചു. വിമാനത്തിലെ മദ്ധ്യത്തിലുള്ള സീറ്റുകളില്‍ ആളുകളെ കൊണ്ട് പോകരുതെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരിക എന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഇതുവരെ വിദേശ രാജ്യങ്ങളില്‍ നിന്നും യാത്രക്കാരെ വിമാനത്തിനകത്ത് സാമൂഹിക അകലം സൂക്ഷിക്കാതെയാണ് നാട്ടിലെത്തിച്ചിരുന്നത്. വിമാനങ്ങളുടെ ആരോഗ്യമല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്നാണ് എയര്‍ ഇന്ത്യയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലോകം മുഴുവന്‍ കോവിഡ്-19 തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിമാനത്തിനകത്ത് ഇതിന് ഘടക വിരുദ്ധമായി മുഴുവന്‍ സീറ്റിലും ആളെ നിറച്ചാണ് വന്ദേ ഭാരത് സര്‍വ്വീസ് നടത്തിയിരുന്നത്. സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കൊണ്ട് പോയതിന് വിമാനത്തിനകത്ത് വെച്ചും ഏതാനും ദിവസം മുമ്പ് യാത്രക്കാര്‍ ബഹളം വെച്ചിരുന്നു. വിമാനത്താവളത്തിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദശമുള്ളപ്പോള്‍ എയര്‍ ഇന്ത്യയാണ് ഈ നിയമം ലംഘിച്ച് വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ സര്‍വ്വീസ് നടത്തുന്നത്. സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കൊണ്ട് പോകുന്നത് ആരോഗ്യ പ്രവര്‍ത്തകരിലും ആശങ്ക ഉയര്‍ത്തിയിരുന്നു. വിമാനത്തില്‍ നാട്ടിലെത്തുന്ന യാത്രക്കാരില്‍ കോവിഡ് -19 വൈറസ് ബാധ കണ്ടെത്തുന്നതിന് ഇതും കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. 1990ലെ കുവൈത്ത് യുദ്ധ സമയത്ത് അന്നത്തെ വിപി സിംങ് സര്‍ക്കാര്‍ 1.70 ലക്ഷം ഇന്ത്യക്കാരെയാണ് സൗജന്യമായി അമ്മാന്‍ വഴി നാട്ടിലെത്തിച്ചിരുന്നത്. ഇപ്പോള്‍ തന്നെ വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം വന്‍ തുക ടിക്കറ്റിനായി എയര്‍ ഇന്ത്യ വാങ്ങുന്നുണ്ട്. വീണ്ടും തുക വര്‍ദ്ധിപ്പിക്കുകയാണങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് കടുത്ത ബാധ്യതയാണ് സൃഷ്ടിക്കുക. ഇപ്പോള്‍ തന്നെ പണം ഇല്ലാത്ത പ്രവാസികളെ സഹായിക്കാന്‍ തയ്യാറായിരിക്കുന്നത് ഗള്‍ഫിലെ സന്നദ്ധ സംഘടനകളാണ്.

Next Story

RELATED STORIES

Share it